Monday, September 23, 2013

സ്വപ്നനങ്ങളിലൊരുവള്‍


സ്വപ്നനങ്ങളില്‍ നഗ്നയായ
ഒരു പെണ്ണെനിക്കൊപ്പം കിടക്കുന്നു.
ഈറന്‍ മുടി കെട്ടി വെച്ച് കോട്ടന്‍
സാരിയുടുത്തു എനിക്ക് ചായ തിളപ്പിക്കുന്നു.
എന്റെ മകനെ മുലയൂട്ടുന്നു.
അവനെ കുളിപ്പിക്കുന്നു,
വസ്ത്രം ധരിപ്പിക്കുന്നു,
ചോറു കൊടുക്കുന്നു,
പാഠം പഠിപ്പിക്കുന്നു,
പാട്ടു പാടി ഉറക്കുന്നു,
തെറ്റ്‌ ചെയ്ത മകന് വേണ്ടി
ശുപാര്‍ശയുമായി വരുന്നു,
എന്റെ ശകാരത്തില്‍ നിന്നും
കയ്യോങ്ങലില്‍ നിന്നും
അവനെ കവര്‍ന്നു പിന്നിലൊളിപ്പിക്കുന്നു.
അവന്റെ വളര്‍ച്ചയില്‍
എനിക്കൊപ്പം വേവലാതിപ്പെടുന്നു.
എന്റെ മകനൊപ്പം കയറി വന്ന പെണ്ണിനെ
എന്നോട് കണ്ണുകൊണ്ടാപേക്ഷിച്ച്
ആരതിയുഴിഞ്ഞ് അകത്തേക്ക് ക്ഷണിക്കുന്നു.
വാര്‍ദ്ധക്യം നരനട്ടപ്പോള്‍
എനിക്കൊപ്പം പടിയിറങ്ങുന്നു.
അവളുടെ ശോഷിച്ച കൈ
എന്റെ കൈകളില്‍ ചുറ്റിയിരുന്നു.
എന്റെ മകനെ ശകാരിച്ചില്ല ശപിച്ചില്ല.
അവന്റെ അവഗണനയില്‍
എനിക്ക് വേണ്ടി കരഞ്ഞു.
എന്നോടനുവാധം വാങ്ങാതെ
മനസ്സുകൊണ്ടാവനെ അനുഗ്രഹിച്ചു.
ആ പഴയ കോട്ടന്‍ സാരീ പുതച്ചു
ഓര്‍മ്മകളുടെ ഇരുമ്പ് പെട്ടിയും തൂക്കി
എനിക്കൊപ്പം
ഇടവഴിയിലും പെരുവഴിയിലും
എന്റെ കാലന്‍ കുടയില്‍ ഇടം കിട്ടാതെ
മഴ നനഞ്ഞു കുതിര്‍ന്നു
വെയില്‍ കൊണ്ട് വാടി.
ഒരു ഗ്ലാസ്‌ ഉപ്പിട്ട നാരങ്ങ വെള്ളം
ഒരു കവിള്‍ ഇറക്കി മടക്കി തന്നു.
എന്റെ വിയര്‍പ്പ് തുടച്ചും
തല തുവര്‍ത്തിയും
അവളുടെ കോട്ടന്‍ സാരീ തുമ്പ് മുഷിഞ്ഞു.
വൃദ്ധസദനത്തില്‍ പേരിനൊപ്പം
എന്റെ പേര് ചേര്‍ത്തെഴുതി ആശ്വാസത്തിന്റെ
പുഞ്ചിരി തൂകി പേന എനിക്ക് നീട്ടുന്നു.

പൂവന്‍ കോഴിയുടെ കൂകലില്‍ കൊക്കയിലേക്കവളുടെ
കാല്‍ വഴുതുമ്പോള്‍ ഞാനുണരുന്നു.

അതെ.. അതെ.. നീല സാരി ചുറ്റി ബസ്റ്റോപ്പില്‍ നിന്ന
തടിച്ചു കുറുകിയവളുടെ രൂപമാണവള്‍ക്ക്.

അല്ല.. ബസ്സിലെ തിരക്കില്‍ വിയര്‍ത്തു കുളിച്ച്
എന്റെ തോളോട്ടി നിന്ന ഇരുനിറക്കാരി
ഉണ്ടക്കണ്ണിയുടെ രൂപമാണവള്‍ക്ക്.

അല്ല.. കണ്ണാടി കൂട്ടിലെ മുത്തുമാല നോക്കി
കയ്യില്‍ മുറുക്കി പിടിച്ചിരുന്ന നാണയങ്ങള്‍ എണ്ണുന്ന
വാടിയ മുഖമുള്ള ചെമ്പന്‍ മുടിക്കാരിയുടെ
രൂപമാണവള്‍ക്ക്.

അല്ല.. വാതിലില്‍ പണമടച്ചു കയറിയ
ചുവന്ന പ്രകാശമുള്ള മുറിയില്‍
മുറുക്കി ചുവന്ന പല്ലു കാട്ടിയിളിച്ച്
കുപ്പായത്തിലെ കുടുക്കിളക്കുന്നള്ളവളുടെ
രൂപമാണവള്‍ക്ക്.

അല്ല.. കോടതി വരാന്തയില്‍
താലിയഴിച്ച് ബാഗില്‍ തിരുകുന്ന
കറുത്ത കണ്ണടക്കാരിയുടെ രൂപമാണവള്‍ക്ക്.

അല്ല.. തെരുവ് നായ്ക്കളുടെ കടിയേറ്റ്
ചോരയൊലിപ്പിച്ചോടി വരുന്ന
അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയുടെ രൂപമാണവള്‍ക്ക്.

അല്ല.. ഞാന്‍ പ്രണയിച്ചുപേക്ഷിച്ച,
വിരഹ വേദനയില്‍ കണ്ണീര്‍ വാര്‍ത്ത്
വണ്ടൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക്‌
കുതിച്ച രാധയുടെ രൂപമാണവള്‍ക്ക്.









About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....