Thursday, September 12, 2013

തുറന്നു പറച്ചിലുകള്‍ (വെറോക്ക്യന്‍ പൂവ്‌ - പേജ് No: 24)



" വില പറഞ്ഞു വാങ്ങിയതു ശരീരങ്ങളായിരുന്നു.
നല്ല തുടുത്ത മുഴുത്ത ശരീരങ്ങള്‍.
ഒരു കയ്യില്‍ മദ്യവും മറു കയ്യില്‍ പുകയുന്ന സിഗരുറ്റുമായി
ഞാന്‍ അലറിയിട്ടുണ്ട്. ആജ്ഞാപിച്ചിട്ടുണ്ട്.
ഞാന്‍ വരച്ച വരകളിലും വളയങ്ങളിലും അവറ്റകള്‍ ഇഴഞ്ഞു.
ഞരങ്ങുന്ന പേശികളെയും മുറുമുറുക്കുന്ന എല്ലുകളെയും
ഞാന്‍ കേള്‍വിക്കപ്പുറം കഴുത്തിന്‌ പിടിച്ചു.
നിര്‍ദേശിച്ച ചലനങ്ങള്‍ വിപരീതവും വിരുദ്ധവും ആയിരുന്നു.
ഓരോ ചലനത്തിനും ഓരോ കഷ്ണം നോട്ട്.
ലഹരി, അത് നിമിഷങ്ങളില്‍ കെട്ടടങ്ങുന്നതായിരുന്നു.
ഒരു പിടച്ചിലില്‍ തീരുന്ന സ്ഫോടനം. തീയും പുകയുമില്ലാതെ,
ഇനിയും ഊര്‍ജ്ജശോഷണത്തിനു തുനിയാന്‍ പോന്ന
രാസവാക്യം കുറിച്ച് ഒഴുക്കി കളയുന്ന ഒരു കൂട്ടം ദ്രാവക കണികകള്‍.
അരണ്ട വെളിച്ചത്തില്‍ എന്നില്‍ പുളയുന്ന നിഴലുകള്‍
ഗന്ധം മാത്രം അവശേഷിപ്പിച്ച്, തുണി ചുറ്റി,
ഒഴുക്കിയ വിയര്‍പ്പിന് വിലപേശി, മലര്‍ക്കെ തുറക്കുന്ന
വാതിലിനപ്പുറം ഒരു ചതുരതുണ്ട് പ്രകാശത്തില്‍
ഒരു വരയായി കുറുകി ഇല്ലാതാവും.
എപ്പൊഴോ ഒരിക്കല്‍ സ്നേഹം ചോദിച്ചപ്പോള്‍
അവറ്റകള്‍ കൈ മലര്‍ത്തി. അത് വീട്ടില്‍ പകുത്ത്‌
നല്‍കാനുള്ളതാണെന്ന്. കാത്തിരിക്കുന്നത് പ്രതീക്ഷയുടെ
കണ്ണുകളാണ്. ഞാന്‍ വിതറുന്ന നോട്ടുകള്‍ അതിനു പകരമാവില്ലെന്ന്.
സ്നേഹത്തിന് ഒരു രൂപമില്ല, അത് ഒരു തരംഗമാണെന്ന്. " 

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....