Friday, December 27, 2013

അയ്യോ...!! സത്യമായിട്ടും ഇത് എന്നെക്കുറിച്ചല്ല നിങ്ങളെക്കുറിച്ച് പണ്ടേയല്ല.. ( ഫേയ്സ്ബുക്ക്‌ നുണകള്‍ 3 )

( കണ്ണങ്കരക്കോണം, വലിയ വളവില്‍ ചെറിയ രീതിയില്‍
മുറുക്കാന്‍ കട നടത്തുന്ന വലിയ സ്വപ്നങ്ങള്‍ ഒന്നും
ഇല്ലാത്താ വില്‍ഫ്രെഡ് ഡിസൂസ പെരേരയുടെ ചെറിയ
ചില ഫേയ്സ്ബുക്ക്‌ സ്വപ്നങ്ങള്‍ )

ആഞ്ഞിരുനാല്‍ ചാഞ്ഞു വീഴാത്തൊരു കസേര വാങ്ങണം.
വട്ടത്തില്‍ കറങ്ങുകയും നീളത്തില്‍ ഉരുളുകയും ചെയ്യുന്നത്.
പറമ്പിലെ തേക്ക് വിറ്റ കാശ് അലമാരിയില്‍ ഇരിപ്പുണ്ട്. 
ഒരു കമ്പ്യൂട്ടര്‍ വാങ്ങണം. ചാട്ടുളി പോലത്തെ
കീബോര്‍ഡും ശരവേഗത്തില്‍ പായുന്ന മൗസും വേണം.
പിന്നെ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് കടക്കണം.
ഒരേഴു ഫേയ്സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് തറക്കല്ലിടണം.
മഴവില്ലിന്റെ നിറത്തിലുള്ള ഏഴെണ്ണം. അതിലൊന്ന്
ഉന്നത കുലജാത‍. പിന്നെ ആണൊന്നു പെണ്ണൊന്നു
ആണും പെണ്ണും കെട്ടതൊന്നു.‌കുഞ്ഞിന്റെ മുഖം വെച്ച് 
ആകാശത്തിനു കീഴിലുള്ള എന്തിനെ കുറിച്ചും അഭിപ്രായം 
പറയുന്ന മറ്റൊന്ന്. പിന്നെ കണ്ണുകള്‍ മാത്രമുള്ള ഒരു സുന്ദരി. 
വായില്‍ വന്നത് കോരയ്ക്ക് പാട്ട് എന്ന പോലെ ഓരോന്ന് പടച്ചു 
വിടണം. കണ്ടവന്റെയൊക്കെ പോസ്റ്റുകളില്‍ പോയി അപ്പിയിടണം. ചാറ്റില്‍ കമ്പിയും കരിമ്പുമായി വരുന്നവന്മാരുടെ മേല്‍ മുളക് വെള്ളം ഒഴിക്കണം. ചാറ്റ് വിന്‍ഡോ സ്ക്രീന്‍ഷോട്ട് 
ആക്കി ചുമരില്‍ ഒട്ടിക്കണം. അതിനു ചുവട്ടില്‍ സഹോദരന്‍
ചമഞ്ഞു വരുന്ന അഭിനവ ഞരമ്പുകളെ കൊണ്ട് ചാണക
വെള്ളം തളിപ്പിക്കണം കല്ലെറിയിപ്പിക്കണം.  
പെണ്‍ പ്രൊഫൈല്‍ പിക് പ്രതിമകളോടു സംവദിക്കണം.
അവിടെ വന്നു ഒലിപ്പിക്കുന്ന കൊഞ്ഞാണന്മാരോടു
കടിപിടി കൂടണം. അവളുമാരില്‍ നിന്ന് കിട്ടുന്ന ലൈക്കുകള്‍
മനസ്സിലോര്‍ത്തു സ്വയംഭോഗം ചെയ്യണം.( സ്വയംഭോഗം-
എഴുത്തില്‍ ഇപ്പൊ ഈ വാക്ക് ചേര്‍ക്കുന്നത് സാമ്പാറില്‍
തക്കാളി ചേര്‍ക്കുന്ന പോലെയാ. അല്പം പുളി അധികം കിട്ടും. 
ബുജി പരിവേഷം ഒന്ന് കൂട്ടും. പ്രവര്‍ത്തി കുളിപ്പുരയിലും,
എഴുത്ത് ഇ- ലോകത്തിലെ വീട്ടിലും ചുവരിലും. പണ്ടൊക്കെ 
സ്വയംഭോഗം എന്ന വാക്ക് കാണണമെങ്കില്‍ ആരോഗ്യമാസികയിലെ ഡോക്ടറോട് ചോദിക്കാം എന്ന പംക്തി വായിക്കണം) എഴുതി എഴുതി നൂറു ലൈക്‌ തികച്ചു കിട്ടുന്ന ഒരു സൂപ്പര്‍ ഹീറോ മെഷീന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ തകഴി ബഷീര്‍ ലെവലില്‍ താനെത്തിയെന്നുള്ള ഹുങ്കില്‍ ജെട്ടിക്ക് മുകളില്‍ പാന്റിടണം. അല്പന് അര്‍ത്ഥം കിട്ടിയപ്പോലെ അര്‍ദ്ധരാത്രിക്കും കൂളിംഗ്‌ ഗ്ലാസ്‌ വെച്ച് ഫോട്ടോ ഇടണം. അംഗഫലം കാട്ടിയെങ്കിലും അംഗബലം അയ്യായിരം ആക്കി കഴിഞ്ഞാല്‍ പിന്നെ ആശയം അന്വേഷിച്ച്‌  അധികം അലയേണ്ടി വരില്ല. എഴുതി വിടുന്ന കായും പൂയും 
ഒക്കെ ചര്‍ച്ച ചെയ്യപ്പെടും. പിന്നെ വിമര്‍ശനം... അതിപ്പോ
ഗാന്ധിജിയായാലും അംബേദ്‌കറായാലും വിമര്‍ശിച്ച് അവരുടെ 
കണ്ണട പൊട്ടിക്കണം. തിരിച്ചു മുട്ടാന്‍ വരുന്നവന്മാര്‍ക്ക് 
നേരെ വാരിയെറിയാനെപ്പോഴുമൊരു കുട്ട ചാണകവും ചെളിയും
കരുതണം. ഒരു ജാതിയൊരുമതമെന്ന് പറയാതെ പറഞ്ഞു മതവികാരം വ്രണപ്പെടുത്തണം. വ്രണം ഉണങ്ങുകയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക്  ആസിഡ്‌ ഒഴിച്ചിളക്കിക്കൊടുക്കണം. പോക്ക് ചെയ്ത് കുണ്ടിക്കിട്ടു കുത്തണം. അയല്‍പ്പക്കത്തെ തൊഴിലുറപ്പിനു പോകുന്ന രമണി ചേച്ചിയുടെ മക്കള്‍ പട്ടിണിയാണോ എന്നന്വേഷിച്ചില്ലെങ്കിലും ആഫ്രിക്കയിലെ ആനകളെ കുറിച്ചും അന്റാര്‍ട്ടിക്കയില പെന്‍ഗ്വിനുകളെ കുറിച്ചും 
വേവലാതിപ്പെടണം. പോസ്റ്റ്‌ മോഷണം തൊഴിലാക്കിയവന്മാരെ 
കൂട്ട് പിടിച്ചു ഒരു ഗ്രൂപ്പ്  തുടങ്ങണം. അയല്‍പ്പക്കക്കാരും അടുത്ത 
സുഹൃത്തുക്കളും ഡാ, അളിയാ, മച്ചാ കമന്റുകളുമായി വന്നാല്‍ 
അണ്‍ ഫ്രെണ്ട് ചെയ്ത് ബ്ലോക്കണം. സിനിമ കണ്ടില്ലേലും റിവ്യൂ എഴുതി റിവ്യൂ എഴുതി മാസം രണ്ടു പടമെങ്കിലും പൊട്ടിക്കണം.
ഒരു ക്യാമറാ വാങ്ങണം. ഏതണ്ടനുമടകോടനും പറ്റുന്ന പണിയാണ് പോട്ടോ പിടുത്തം എന്ന് തെളിയിക്കണം.... മുഖംമൂടി മുഖവുമായി മുഖപുസ്തകത്തില്‍ മുക്രയിട്ടും മുങ്ങാഴിയിട്ടും മലയാളി മാന്യന്‍മാരുടെ മാന്യത വെറും മൈ** ആണെന്ന് തെറ്റിദ്ധരിപ്പിക്കണം..( എന്ത്..? തെറ്റിദ്ധരിപ്പിക്കാനോ? അതിനു ആര്‍ക്കെങ്കിലും കഴിയുമോ )  എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളാണെന്നോ..............തുടരും

അതേടി... രാത്രി കഞ്ഞിക്ക് ചമ്മന്തി മതി. പിന്നേ.. മുളകധികം 
അരയ്കണ്ട. രാവിലെ പണിപാളും. എരിഞ്ഞിരിന്നാല്‍ വിരിഞ്ഞിരുന്നെഴുതാന്‍ പറ്റില്ല.

Thursday, December 12, 2013

പണ്ട് പണ്ട് ഫേയ്സ്ബുക്ക് ഒക്കെ ഉണ്ടാകുന്നതിനു മുന്‍പ്‌ ( ഫേയ്സ്ബുക്ക് നുണകള്‍ 2 )

പണ്ട് പണ്ട് ഫേയ്സ്ബുക്ക് ഒക്കെ ഉണ്ടാകുന്നതിനു മുന്‍പ്‌

പെണ്ണുങ്ങള്‍ രാത്രി കിടക്കുന്നതിന് മുന്‍പ്‌ :

അയ്യോ..നാളെ കാപ്പിയ്ക്കെന്താ? അരിപ്പൊടി ഇരിപ്പുണ്ടായിരുന്നു.
കടലയെടുത്ത് വെള്ളത്തിലിടെണ്ടതായിരുന്നു. ഇനി വയ്യ.
കുഴപ്പമില്ല. പറമ്പില്‍ കപ്പ നില്‍പ്പുണ്ട് അത് പുഴുങ്ങാം.
മുളക് ചമ്മന്തിയരയ്‌ക്കാം.

കാപ്പി കുടി കഴിഞ്ഞ് :

അയ്യോ..ഉച്ചയ്ക്കെന്താ? മീന്‍കാരിയെ കാണുന്നില്ലല്ലോ.
ചന്ത പിരിഞ്ഞു കാണും.കയ്യാലയ്ക്കല്‍ മുരിങ്ങ നില്‍പ്പുണ്ട്.
മുരിങ്ങക്കായ് പറിച്ചു അവിയല്‍ വെയ്ക്കാം.ഇല ഒടിച്ചു തോരന്‍ വെയ്ക്കാം.
കിണറ്റിന്‍ക്കരയില്‍ പപ്പായയും കാണും അത് കുത്തിയിട്ട്
പയറും ചേര്‍ത്ത് ഒരു കറി വെയ്ക്കാം. മോരിരിപ്പുണ്ടോ ആവോ?

ഊണ് കഴിഞ്ഞ് :

അയ്യോ..വൈകിട്ട് രാധാമണിയും കെട്ടിയോനും കൂടി വരുമല്ലോ?
ചായേടെ കൂടെ എന്തേലും കൊടുക്കണ്ടേ. അവലിരിപ്പുണ്ട്.
ശര്‍ക്കരയുണ്ടോ എന്തോ? കാണും തേങ്ങയിട്ടു കൊവുത്ത് കൊടുക്കാം.

ചായ കുടി കഴിഞ്ഞ് :

അയ്യോ..അത്താഴത്തിനെന്താ? പാല്‍ക്കഞ്ഞി വെയ്ക്കാം.
തേങ്ങ ചമ്മന്തിയും പപ്പടം കാച്ചിയതും മതി.

ദേ ഇപ്പൊ അതായത്‌ ഫേയ്സ്ബുക്ക് ഉണ്ടായതിനു ശേഷം

രാത്രിയുടെ അന്ത്യയാമങ്ങളില്‍ :

കോന്തന്മാരെല്ലാം ഓണ്‍ലൈന്‍ ഉണ്ട്. ഒരു ഗുഡ്‌ നൈറ്റ്‌
പറഞ്ഞേക്കാം. നാളെ രാവിലത്തേക്ക് ചിരിക്കാനുള്ളത്
കിട്ടും.

രാവിലെ ഉണര്‍ന്നുടനെ :

ഇവിടെങ്ങാണ്ട് ഒരു പൂച്ചകുട്ടി കറങ്ങി നടക്കണ കണ്ട്.
എവിടാണാവോ. അതിനെ ഉമ്മവെയ്ക്കുന്ന ഒരു ഫോട്ടോ ഇടാം.
" എന്റെ കുറിഞ്ഞി കുട്ടി ഇന്നലെ എന്നോടൊപ്പമാ കിടന്നേ "
എന്നൊരു അടികുറിപ്പും കൊടുക്കാം.

കാപ്പി കുടി കഴിഞ്ഞ് :

ഇതില്‍ ഏതു സ്മൈലി ഇടും?

:) :( :D :p o.O B| <3 :o :'( ;) :/ :* ^_^ :v
ഇതില്‍ പഴങ്കഞ്ഞി കുടിച്ചിട്ടിരിക്കുമ്പോള്‍ ഇടാന്‍ പറ്റിയ സ്മൈലി ഏതാ?


ഊണ് കഴിഞ്ഞ്‌ :

എനിക്ക് ബ്ലോക്കി കളിക്കാന്‍ കുറച്ചു അലവലാതികളെ കിട്ടണേ.
ബ്ലോക്കിയിട്ടും ബ്ലോക്കിയിട്ടും എന്റെ കൈത്തരിപ്പ് തീരുന്നില്ലല്ലോ?

ചായകുടി കഴിഞ്ഞ് :

കയ്യില്‍ കപ്പുമായി നില്‍ക്കുന്ന ഫോട്ടോ ഇടാം. അതിനു കപ്പിന്
എവിടെ പോകും? ഇവിടെ മൂട്‌ ഞണുങ്ങിയ സ്റ്റീല്‍ ഗ്ലാസ്സുകള്‍
അല്ലെ ഉള്ളൂ. നെറ്റില്‍ നിന്ന് ഒരെണ്ണം ഡൌണ്‍ലോഡ് ചെയ്യാം.

സന്ധ്യക്ക് :

പ്രൊഫൈല്‍ പിക് ഒന്ന് മാറ്റിയേക്കാം. ലൈക്ക് ആയിരം
തികയ്ക്കാന്‍ ഇനി എത്രണ്ണം ഉണ്ടോ ആവോ?

അത്താഴം കഴിഞ്ഞ് :

എന്തെര് ചെയ്യോ യെന്തോ ?
ഒരു കവിതയെഴുതാം.. ഇളം കാറ്റില്‍ തേങ്ങാ കുലകള്‍....
സുബാഷ് സുബാഷ്....അത് മതി അത് മതി..

പാതിരാത്രി പന്ത്രണ്ടു മണിക്ക് :

കാമ ദാഹവുമായി വരുന്ന അഭിനവ പഞ്ചാരകള്‍ക്കും
ഒലിപ്പുകള്‍ക്കും പ്രതീക്ഷയേകാന്‍ ചൂട്ടും കത്തിച്ചു...
ഛെയ്..പച്ചയും കത്തിച്ചിരിക്കാം..

Monday, December 2, 2013

അവിഹിതം..അപരാധം.. ( ഫേയ്സ്ബുക്ക് നുണകള്‍ 1 )


സംസാരവിഷയം..നാലാള്‍കൂടുന്ന കവല, 
ചായക്കട,ബാര്‍ബര്‍ ഷോപ്പ്‌
എല്ലാടത്തും അത് തന്നെ വിഷയം..

കഞ്ഞിയില്‍ ഉപ്പിട്ട് കുടിക്കാന്‍ വകയില്ലാത്ത 
പപ്പനാവന്‍ ചേട്ടന്റെ ഇളയ മോന്റെ പോസ്റ്റുകള്‍ക്ക് 
കിട്ടുന്ന ലൈക്കിന്റെ എണ്ണവും..
നാട്ടുകാര്‍ എന്നും ബഹുമാനിച്ചിരുന്ന സുമതി ടീച്ചറിന്റെ 

മരുമോളുടെ ഫോട്ടോയ്ക്ക് കിട്ടുന്ന അശ്ലീല
ഫോട്ടോ കമന്റുകളും ഒക്കെ തന്നെ...

പോസ്റ്റിനും ഫോട്ടോയ്ക്കും ലൈക്കും കമന്റും കിട്ടാത്തവര്‍
തലയില്‍ തുണിയിട്ട് നടക്കുന്നു...

പാസ്‌വേഡ് മറന്നു പോയ മരംവെട്ടുകാരന്‍ അനീഷ്‌ കുമാര്‍
ആത്മഹത്യക്ക് ശ്രെമിച്ചു... കയര്‍ കുരുക്കിട്ട ഫാന്‍ ക്ലാമ്പ്
ഇളകി തലയിലൂടെ വീണു ബോധം നഷ്ടപ്പെടുകയും
ബോധം തിരിച്ചു വന്നപ്പോള്‍ പാസ്‌വേഡ് ഓര്‍മ്മ വരുകയും
ചെയ്തു...അപ്പൊ തന്നെ ലോഗിന്‍ ചെയ്തു തൃപ്തി അടയുകയും..
ഫാന്‍ ഫിറ്റ്‌ ചെയ്ത ഇലക്ട്രീഷ്യന്‍ സുരേഷിനു ഒരു നന്ദി പോസ്റ്റ്‌
ചെയ്യുകയും ചെയ്തു..

ഫേയ്സ്ബുക്ക് വഴി ഒളിച്ചോടിയ ലിസി വീണ്ടും പെറ്റു..
ഇത്തവണ ഇരട്ടകള്‍..ഒന്നിന് ചാറ്റ് എന്നും മറ്റേതിന്
പോക്ക് എന്നും പേരിട്ടു.

നിരന്തരം ഐ ലൗവ്‌ യൂ മെസ്സേജ് അയച്ചിരുന്ന ആഫ്രിക്കന്‍
സുന്ദരിയെ കാണാന്‍ സൊമാലിയയിലേക്ക് പോയ, കവലയില്‍
മൊബൈല്‍ ഷോപ്പ്‌ നടത്തിയിരുന്നു വിനോദ് ' കൊള്ളക്കാരുടെ
തടങ്കലില്‍ ' എന്ന വാര്‍ത്ത കേട്ട് അവന്റെ ഭാര്യ പ്രൊഫൈല്‍ പിക്
ബ്ലാക്ക്‌ ആക്കി.." സേവ് വിനോദ്‌ " എന്നൊരു പേജും തുടങ്ങി.

വാളില്‍ നിരന്തരം ഫോട്ടോ ടാഗ് ചെയ്തിരുന്ന കൂട്ടുകാരനെ
എറിഞ്ഞു കൊന്ന കേസില്‍ ഗുണ്ട ചാട്ടുളി രാജേഷിനെ
തൂക്കി കൊല്ലാന്‍ വിധിച്ചു.. ജഡ്ജി അവസാന ആഗ്രഹം
ചോദിച്ചപ്പോള്‍ തന്റെ ശിക്ഷവിധിച്ച ജഡ്ജിക്കൊപ്പം നിന്ന്
ഫോട്ടോ എടുത്ത് അത് അവസാനത്തെ പ്രൊഫൈല്‍
പിക് ആക്കണമെന്നും തന്റെ ബ്രസീലിയന്‍ ലേഡി ഫ്രെണ്ടിനു
ടാഗ് ചെയ്യണമെന്നും പറഞ്ഞപ്പോള്‍ ജഡ്ജി ഉള്‍പ്പെടെ
കോടതി മുറിയില്‍ ഉണ്ടായിരുന്നവര്‍ എല്ലാരും കരഞ്ഞു......

മലബാര്‍ സ്ലാങ്ങില്‍ കഥയെഴുതുന്ന ക.കീ.മുഹമ്മദിന്റെ
കഥ മോഷ്ട്ടിച്ചു തിരോന്തരം ഭാഷയിലേക്ക് മാറ്റി പോസ്റ്റ്‌
ചെയ്ത ബ.ബി. ബഷീറിനെതിരെ പീഡനകുറ്റത്തിനു കേസ്‌
കൊടുത്തു.. " ഇവിടെ ആരാണ് പീഡിപ്പിക്കപ്പെട്ടത് " എന്ന
പോലീസിന്റെ ചോദ്യത്തിനു " എന്റെ പൊന്നോമന കഥ "
എന്ന് പൊട്ടികരഞ്ഞു കൊണ്ട് ക.കീ.മുഹമ്മദ് പറഞ്ഞു.
എന്നാല്‍ കേസ്‌ കെട്ടിച്ചമച്ചതാണെന്നും തികച്ചും
തിരോന്തരം ഭാഷയോടുള്ള മലബാറുകാരന്റെ അവഗണനയുടെയും
അവജ്ഞയുടെയും ഭാഗമായാണ് എന്നും ബ.ബി. ബഷീറിന്റെ വക്കീല്‍ വാദിച്ചു. ഒടുവില്‍ ബ.ബി. ബഷീറിന്റെ അപ്പിയിട്ട സുലൈമാനി കുടിച്ചു കൈ കൊടുത്തു ഇരുവരും ഒത്തുതീര്‍പ്പിലെത്തി................................................................................തുടരും

"ചേട്ടാ ദോ ദത് ദെന്താ?"
"ദേത്?"
"ദൂണ്ടെ ദത്"
"ഓ.. ദതോ..ദതാണ് റേഡിയോ"

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....