Friday, December 27, 2013

അയ്യോ...!! സത്യമായിട്ടും ഇത് എന്നെക്കുറിച്ചല്ല നിങ്ങളെക്കുറിച്ച് പണ്ടേയല്ല.. ( ഫേയ്സ്ബുക്ക്‌ നുണകള്‍ 3 )

( കണ്ണങ്കരക്കോണം, വലിയ വളവില്‍ ചെറിയ രീതിയില്‍
മുറുക്കാന്‍ കട നടത്തുന്ന വലിയ സ്വപ്നങ്ങള്‍ ഒന്നും
ഇല്ലാത്താ വില്‍ഫ്രെഡ് ഡിസൂസ പെരേരയുടെ ചെറിയ
ചില ഫേയ്സ്ബുക്ക്‌ സ്വപ്നങ്ങള്‍ )

ആഞ്ഞിരുനാല്‍ ചാഞ്ഞു വീഴാത്തൊരു കസേര വാങ്ങണം.
വട്ടത്തില്‍ കറങ്ങുകയും നീളത്തില്‍ ഉരുളുകയും ചെയ്യുന്നത്.
പറമ്പിലെ തേക്ക് വിറ്റ കാശ് അലമാരിയില്‍ ഇരിപ്പുണ്ട്. 
ഒരു കമ്പ്യൂട്ടര്‍ വാങ്ങണം. ചാട്ടുളി പോലത്തെ
കീബോര്‍ഡും ശരവേഗത്തില്‍ പായുന്ന മൗസും വേണം.
പിന്നെ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് കടക്കണം.
ഒരേഴു ഫേയ്സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് തറക്കല്ലിടണം.
മഴവില്ലിന്റെ നിറത്തിലുള്ള ഏഴെണ്ണം. അതിലൊന്ന്
ഉന്നത കുലജാത‍. പിന്നെ ആണൊന്നു പെണ്ണൊന്നു
ആണും പെണ്ണും കെട്ടതൊന്നു.‌കുഞ്ഞിന്റെ മുഖം വെച്ച് 
ആകാശത്തിനു കീഴിലുള്ള എന്തിനെ കുറിച്ചും അഭിപ്രായം 
പറയുന്ന മറ്റൊന്ന്. പിന്നെ കണ്ണുകള്‍ മാത്രമുള്ള ഒരു സുന്ദരി. 
വായില്‍ വന്നത് കോരയ്ക്ക് പാട്ട് എന്ന പോലെ ഓരോന്ന് പടച്ചു 
വിടണം. കണ്ടവന്റെയൊക്കെ പോസ്റ്റുകളില്‍ പോയി അപ്പിയിടണം. ചാറ്റില്‍ കമ്പിയും കരിമ്പുമായി വരുന്നവന്മാരുടെ മേല്‍ മുളക് വെള്ളം ഒഴിക്കണം. ചാറ്റ് വിന്‍ഡോ സ്ക്രീന്‍ഷോട്ട് 
ആക്കി ചുമരില്‍ ഒട്ടിക്കണം. അതിനു ചുവട്ടില്‍ സഹോദരന്‍
ചമഞ്ഞു വരുന്ന അഭിനവ ഞരമ്പുകളെ കൊണ്ട് ചാണക
വെള്ളം തളിപ്പിക്കണം കല്ലെറിയിപ്പിക്കണം.  
പെണ്‍ പ്രൊഫൈല്‍ പിക് പ്രതിമകളോടു സംവദിക്കണം.
അവിടെ വന്നു ഒലിപ്പിക്കുന്ന കൊഞ്ഞാണന്മാരോടു
കടിപിടി കൂടണം. അവളുമാരില്‍ നിന്ന് കിട്ടുന്ന ലൈക്കുകള്‍
മനസ്സിലോര്‍ത്തു സ്വയംഭോഗം ചെയ്യണം.( സ്വയംഭോഗം-
എഴുത്തില്‍ ഇപ്പൊ ഈ വാക്ക് ചേര്‍ക്കുന്നത് സാമ്പാറില്‍
തക്കാളി ചേര്‍ക്കുന്ന പോലെയാ. അല്പം പുളി അധികം കിട്ടും. 
ബുജി പരിവേഷം ഒന്ന് കൂട്ടും. പ്രവര്‍ത്തി കുളിപ്പുരയിലും,
എഴുത്ത് ഇ- ലോകത്തിലെ വീട്ടിലും ചുവരിലും. പണ്ടൊക്കെ 
സ്വയംഭോഗം എന്ന വാക്ക് കാണണമെങ്കില്‍ ആരോഗ്യമാസികയിലെ ഡോക്ടറോട് ചോദിക്കാം എന്ന പംക്തി വായിക്കണം) എഴുതി എഴുതി നൂറു ലൈക്‌ തികച്ചു കിട്ടുന്ന ഒരു സൂപ്പര്‍ ഹീറോ മെഷീന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ തകഴി ബഷീര്‍ ലെവലില്‍ താനെത്തിയെന്നുള്ള ഹുങ്കില്‍ ജെട്ടിക്ക് മുകളില്‍ പാന്റിടണം. അല്പന് അര്‍ത്ഥം കിട്ടിയപ്പോലെ അര്‍ദ്ധരാത്രിക്കും കൂളിംഗ്‌ ഗ്ലാസ്‌ വെച്ച് ഫോട്ടോ ഇടണം. അംഗഫലം കാട്ടിയെങ്കിലും അംഗബലം അയ്യായിരം ആക്കി കഴിഞ്ഞാല്‍ പിന്നെ ആശയം അന്വേഷിച്ച്‌  അധികം അലയേണ്ടി വരില്ല. എഴുതി വിടുന്ന കായും പൂയും 
ഒക്കെ ചര്‍ച്ച ചെയ്യപ്പെടും. പിന്നെ വിമര്‍ശനം... അതിപ്പോ
ഗാന്ധിജിയായാലും അംബേദ്‌കറായാലും വിമര്‍ശിച്ച് അവരുടെ 
കണ്ണട പൊട്ടിക്കണം. തിരിച്ചു മുട്ടാന്‍ വരുന്നവന്മാര്‍ക്ക് 
നേരെ വാരിയെറിയാനെപ്പോഴുമൊരു കുട്ട ചാണകവും ചെളിയും
കരുതണം. ഒരു ജാതിയൊരുമതമെന്ന് പറയാതെ പറഞ്ഞു മതവികാരം വ്രണപ്പെടുത്തണം. വ്രണം ഉണങ്ങുകയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക്  ആസിഡ്‌ ഒഴിച്ചിളക്കിക്കൊടുക്കണം. പോക്ക് ചെയ്ത് കുണ്ടിക്കിട്ടു കുത്തണം. അയല്‍പ്പക്കത്തെ തൊഴിലുറപ്പിനു പോകുന്ന രമണി ചേച്ചിയുടെ മക്കള്‍ പട്ടിണിയാണോ എന്നന്വേഷിച്ചില്ലെങ്കിലും ആഫ്രിക്കയിലെ ആനകളെ കുറിച്ചും അന്റാര്‍ട്ടിക്കയില പെന്‍ഗ്വിനുകളെ കുറിച്ചും 
വേവലാതിപ്പെടണം. പോസ്റ്റ്‌ മോഷണം തൊഴിലാക്കിയവന്മാരെ 
കൂട്ട് പിടിച്ചു ഒരു ഗ്രൂപ്പ്  തുടങ്ങണം. അയല്‍പ്പക്കക്കാരും അടുത്ത 
സുഹൃത്തുക്കളും ഡാ, അളിയാ, മച്ചാ കമന്റുകളുമായി വന്നാല്‍ 
അണ്‍ ഫ്രെണ്ട് ചെയ്ത് ബ്ലോക്കണം. സിനിമ കണ്ടില്ലേലും റിവ്യൂ എഴുതി റിവ്യൂ എഴുതി മാസം രണ്ടു പടമെങ്കിലും പൊട്ടിക്കണം.
ഒരു ക്യാമറാ വാങ്ങണം. ഏതണ്ടനുമടകോടനും പറ്റുന്ന പണിയാണ് പോട്ടോ പിടുത്തം എന്ന് തെളിയിക്കണം.... മുഖംമൂടി മുഖവുമായി മുഖപുസ്തകത്തില്‍ മുക്രയിട്ടും മുങ്ങാഴിയിട്ടും മലയാളി മാന്യന്‍മാരുടെ മാന്യത വെറും മൈ** ആണെന്ന് തെറ്റിദ്ധരിപ്പിക്കണം..( എന്ത്..? തെറ്റിദ്ധരിപ്പിക്കാനോ? അതിനു ആര്‍ക്കെങ്കിലും കഴിയുമോ )  എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളാണെന്നോ..............തുടരും

അതേടി... രാത്രി കഞ്ഞിക്ക് ചമ്മന്തി മതി. പിന്നേ.. മുളകധികം 
അരയ്കണ്ട. രാവിലെ പണിപാളും. എരിഞ്ഞിരിന്നാല്‍ വിരിഞ്ഞിരുന്നെഴുതാന്‍ പറ്റില്ല.

Thursday, December 12, 2013

പണ്ട് പണ്ട് ഫേയ്സ്ബുക്ക് ഒക്കെ ഉണ്ടാകുന്നതിനു മുന്‍പ്‌ ( ഫേയ്സ്ബുക്ക് നുണകള്‍ 2 )

പണ്ട് പണ്ട് ഫേയ്സ്ബുക്ക് ഒക്കെ ഉണ്ടാകുന്നതിനു മുന്‍പ്‌

പെണ്ണുങ്ങള്‍ രാത്രി കിടക്കുന്നതിന് മുന്‍പ്‌ :

അയ്യോ..നാളെ കാപ്പിയ്ക്കെന്താ? അരിപ്പൊടി ഇരിപ്പുണ്ടായിരുന്നു.
കടലയെടുത്ത് വെള്ളത്തിലിടെണ്ടതായിരുന്നു. ഇനി വയ്യ.
കുഴപ്പമില്ല. പറമ്പില്‍ കപ്പ നില്‍പ്പുണ്ട് അത് പുഴുങ്ങാം.
മുളക് ചമ്മന്തിയരയ്‌ക്കാം.

കാപ്പി കുടി കഴിഞ്ഞ് :

അയ്യോ..ഉച്ചയ്ക്കെന്താ? മീന്‍കാരിയെ കാണുന്നില്ലല്ലോ.
ചന്ത പിരിഞ്ഞു കാണും.കയ്യാലയ്ക്കല്‍ മുരിങ്ങ നില്‍പ്പുണ്ട്.
മുരിങ്ങക്കായ് പറിച്ചു അവിയല്‍ വെയ്ക്കാം.ഇല ഒടിച്ചു തോരന്‍ വെയ്ക്കാം.
കിണറ്റിന്‍ക്കരയില്‍ പപ്പായയും കാണും അത് കുത്തിയിട്ട്
പയറും ചേര്‍ത്ത് ഒരു കറി വെയ്ക്കാം. മോരിരിപ്പുണ്ടോ ആവോ?

ഊണ് കഴിഞ്ഞ് :

അയ്യോ..വൈകിട്ട് രാധാമണിയും കെട്ടിയോനും കൂടി വരുമല്ലോ?
ചായേടെ കൂടെ എന്തേലും കൊടുക്കണ്ടേ. അവലിരിപ്പുണ്ട്.
ശര്‍ക്കരയുണ്ടോ എന്തോ? കാണും തേങ്ങയിട്ടു കൊവുത്ത് കൊടുക്കാം.

ചായ കുടി കഴിഞ്ഞ് :

അയ്യോ..അത്താഴത്തിനെന്താ? പാല്‍ക്കഞ്ഞി വെയ്ക്കാം.
തേങ്ങ ചമ്മന്തിയും പപ്പടം കാച്ചിയതും മതി.

ദേ ഇപ്പൊ അതായത്‌ ഫേയ്സ്ബുക്ക് ഉണ്ടായതിനു ശേഷം

രാത്രിയുടെ അന്ത്യയാമങ്ങളില്‍ :

കോന്തന്മാരെല്ലാം ഓണ്‍ലൈന്‍ ഉണ്ട്. ഒരു ഗുഡ്‌ നൈറ്റ്‌
പറഞ്ഞേക്കാം. നാളെ രാവിലത്തേക്ക് ചിരിക്കാനുള്ളത്
കിട്ടും.

രാവിലെ ഉണര്‍ന്നുടനെ :

ഇവിടെങ്ങാണ്ട് ഒരു പൂച്ചകുട്ടി കറങ്ങി നടക്കണ കണ്ട്.
എവിടാണാവോ. അതിനെ ഉമ്മവെയ്ക്കുന്ന ഒരു ഫോട്ടോ ഇടാം.
" എന്റെ കുറിഞ്ഞി കുട്ടി ഇന്നലെ എന്നോടൊപ്പമാ കിടന്നേ "
എന്നൊരു അടികുറിപ്പും കൊടുക്കാം.

കാപ്പി കുടി കഴിഞ്ഞ് :

ഇതില്‍ ഏതു സ്മൈലി ഇടും?

:) :( :D :p o.O B| <3 :o :'( ;) :/ :* ^_^ :v
ഇതില്‍ പഴങ്കഞ്ഞി കുടിച്ചിട്ടിരിക്കുമ്പോള്‍ ഇടാന്‍ പറ്റിയ സ്മൈലി ഏതാ?


ഊണ് കഴിഞ്ഞ്‌ :

എനിക്ക് ബ്ലോക്കി കളിക്കാന്‍ കുറച്ചു അലവലാതികളെ കിട്ടണേ.
ബ്ലോക്കിയിട്ടും ബ്ലോക്കിയിട്ടും എന്റെ കൈത്തരിപ്പ് തീരുന്നില്ലല്ലോ?

ചായകുടി കഴിഞ്ഞ് :

കയ്യില്‍ കപ്പുമായി നില്‍ക്കുന്ന ഫോട്ടോ ഇടാം. അതിനു കപ്പിന്
എവിടെ പോകും? ഇവിടെ മൂട്‌ ഞണുങ്ങിയ സ്റ്റീല്‍ ഗ്ലാസ്സുകള്‍
അല്ലെ ഉള്ളൂ. നെറ്റില്‍ നിന്ന് ഒരെണ്ണം ഡൌണ്‍ലോഡ് ചെയ്യാം.

സന്ധ്യക്ക് :

പ്രൊഫൈല്‍ പിക് ഒന്ന് മാറ്റിയേക്കാം. ലൈക്ക് ആയിരം
തികയ്ക്കാന്‍ ഇനി എത്രണ്ണം ഉണ്ടോ ആവോ?

അത്താഴം കഴിഞ്ഞ് :

എന്തെര് ചെയ്യോ യെന്തോ ?
ഒരു കവിതയെഴുതാം.. ഇളം കാറ്റില്‍ തേങ്ങാ കുലകള്‍....
സുബാഷ് സുബാഷ്....അത് മതി അത് മതി..

പാതിരാത്രി പന്ത്രണ്ടു മണിക്ക് :

കാമ ദാഹവുമായി വരുന്ന അഭിനവ പഞ്ചാരകള്‍ക്കും
ഒലിപ്പുകള്‍ക്കും പ്രതീക്ഷയേകാന്‍ ചൂട്ടും കത്തിച്ചു...
ഛെയ്..പച്ചയും കത്തിച്ചിരിക്കാം..

Monday, December 2, 2013

അവിഹിതം..അപരാധം.. ( ഫേയ്സ്ബുക്ക് നുണകള്‍ 1 )


സംസാരവിഷയം..നാലാള്‍കൂടുന്ന കവല, 
ചായക്കട,ബാര്‍ബര്‍ ഷോപ്പ്‌
എല്ലാടത്തും അത് തന്നെ വിഷയം..

കഞ്ഞിയില്‍ ഉപ്പിട്ട് കുടിക്കാന്‍ വകയില്ലാത്ത 
പപ്പനാവന്‍ ചേട്ടന്റെ ഇളയ മോന്റെ പോസ്റ്റുകള്‍ക്ക് 
കിട്ടുന്ന ലൈക്കിന്റെ എണ്ണവും..
നാട്ടുകാര്‍ എന്നും ബഹുമാനിച്ചിരുന്ന സുമതി ടീച്ചറിന്റെ 

മരുമോളുടെ ഫോട്ടോയ്ക്ക് കിട്ടുന്ന അശ്ലീല
ഫോട്ടോ കമന്റുകളും ഒക്കെ തന്നെ...

പോസ്റ്റിനും ഫോട്ടോയ്ക്കും ലൈക്കും കമന്റും കിട്ടാത്തവര്‍
തലയില്‍ തുണിയിട്ട് നടക്കുന്നു...

പാസ്‌വേഡ് മറന്നു പോയ മരംവെട്ടുകാരന്‍ അനീഷ്‌ കുമാര്‍
ആത്മഹത്യക്ക് ശ്രെമിച്ചു... കയര്‍ കുരുക്കിട്ട ഫാന്‍ ക്ലാമ്പ്
ഇളകി തലയിലൂടെ വീണു ബോധം നഷ്ടപ്പെടുകയും
ബോധം തിരിച്ചു വന്നപ്പോള്‍ പാസ്‌വേഡ് ഓര്‍മ്മ വരുകയും
ചെയ്തു...അപ്പൊ തന്നെ ലോഗിന്‍ ചെയ്തു തൃപ്തി അടയുകയും..
ഫാന്‍ ഫിറ്റ്‌ ചെയ്ത ഇലക്ട്രീഷ്യന്‍ സുരേഷിനു ഒരു നന്ദി പോസ്റ്റ്‌
ചെയ്യുകയും ചെയ്തു..

ഫേയ്സ്ബുക്ക് വഴി ഒളിച്ചോടിയ ലിസി വീണ്ടും പെറ്റു..
ഇത്തവണ ഇരട്ടകള്‍..ഒന്നിന് ചാറ്റ് എന്നും മറ്റേതിന്
പോക്ക് എന്നും പേരിട്ടു.

നിരന്തരം ഐ ലൗവ്‌ യൂ മെസ്സേജ് അയച്ചിരുന്ന ആഫ്രിക്കന്‍
സുന്ദരിയെ കാണാന്‍ സൊമാലിയയിലേക്ക് പോയ, കവലയില്‍
മൊബൈല്‍ ഷോപ്പ്‌ നടത്തിയിരുന്നു വിനോദ് ' കൊള്ളക്കാരുടെ
തടങ്കലില്‍ ' എന്ന വാര്‍ത്ത കേട്ട് അവന്റെ ഭാര്യ പ്രൊഫൈല്‍ പിക്
ബ്ലാക്ക്‌ ആക്കി.." സേവ് വിനോദ്‌ " എന്നൊരു പേജും തുടങ്ങി.

വാളില്‍ നിരന്തരം ഫോട്ടോ ടാഗ് ചെയ്തിരുന്ന കൂട്ടുകാരനെ
എറിഞ്ഞു കൊന്ന കേസില്‍ ഗുണ്ട ചാട്ടുളി രാജേഷിനെ
തൂക്കി കൊല്ലാന്‍ വിധിച്ചു.. ജഡ്ജി അവസാന ആഗ്രഹം
ചോദിച്ചപ്പോള്‍ തന്റെ ശിക്ഷവിധിച്ച ജഡ്ജിക്കൊപ്പം നിന്ന്
ഫോട്ടോ എടുത്ത് അത് അവസാനത്തെ പ്രൊഫൈല്‍
പിക് ആക്കണമെന്നും തന്റെ ബ്രസീലിയന്‍ ലേഡി ഫ്രെണ്ടിനു
ടാഗ് ചെയ്യണമെന്നും പറഞ്ഞപ്പോള്‍ ജഡ്ജി ഉള്‍പ്പെടെ
കോടതി മുറിയില്‍ ഉണ്ടായിരുന്നവര്‍ എല്ലാരും കരഞ്ഞു......

മലബാര്‍ സ്ലാങ്ങില്‍ കഥയെഴുതുന്ന ക.കീ.മുഹമ്മദിന്റെ
കഥ മോഷ്ട്ടിച്ചു തിരോന്തരം ഭാഷയിലേക്ക് മാറ്റി പോസ്റ്റ്‌
ചെയ്ത ബ.ബി. ബഷീറിനെതിരെ പീഡനകുറ്റത്തിനു കേസ്‌
കൊടുത്തു.. " ഇവിടെ ആരാണ് പീഡിപ്പിക്കപ്പെട്ടത് " എന്ന
പോലീസിന്റെ ചോദ്യത്തിനു " എന്റെ പൊന്നോമന കഥ "
എന്ന് പൊട്ടികരഞ്ഞു കൊണ്ട് ക.കീ.മുഹമ്മദ് പറഞ്ഞു.
എന്നാല്‍ കേസ്‌ കെട്ടിച്ചമച്ചതാണെന്നും തികച്ചും
തിരോന്തരം ഭാഷയോടുള്ള മലബാറുകാരന്റെ അവഗണനയുടെയും
അവജ്ഞയുടെയും ഭാഗമായാണ് എന്നും ബ.ബി. ബഷീറിന്റെ വക്കീല്‍ വാദിച്ചു. ഒടുവില്‍ ബ.ബി. ബഷീറിന്റെ അപ്പിയിട്ട സുലൈമാനി കുടിച്ചു കൈ കൊടുത്തു ഇരുവരും ഒത്തുതീര്‍പ്പിലെത്തി................................................................................തുടരും

"ചേട്ടാ ദോ ദത് ദെന്താ?"
"ദേത്?"
"ദൂണ്ടെ ദത്"
"ഓ.. ദതോ..ദതാണ് റേഡിയോ"

Wednesday, November 20, 2013

ഒന്നും ഒന്നും പിന്നെ ഒന്നും

ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്റെ 
അവശേഷിപ്പായി ആ പിഞ്ചുകുഞ്ഞിന്റെ 
ഇളം ചുണ്ടില്‍ രണ്ടു തുള്ളി പശുവിന്‍ പാല്‍.

പാലുറഞ്ഞു കല്ലിച്ച മുലയിലെ 
വേദന പട്ട് ചുറ്റി പുതച്ചു, 
അതിന് മുകളില്‍ സ്വര്‍ണം അട്ടിയിട്ട്, 
മിന്നുന്ന ഫ്ലാഷുകള്‍ക്ക് മുന്നില്‍ 
അവള്‍ നാണം കുണുങ്ങി 
പുതുകണവനെ വിരല്‍ കോര്‍ത്ത്‌ നിന്നു.

അവസാന ജനല്‍പ്പാളിയും അടച്ച്, 
കീശയില്‍ തപ്പുന്നതിനിടയില്‍
ഉറ മറന്നതിന്റെ വേവലാതി 
ഒരല്പം പോലും പ്രകടിപ്പിക്കാതെ അവന്‍,
കാമം കണ്ണിലും ചുണ്ടിലും ഇടിമിന്നലാക്കി 
മരുഭൂമിയിലെ മരുപ്പച്ചയില്‍
പുതുമഴപ്പെയ്യിച്ച് നീരുരവയില്‍ 
മുഖംപൂഴ്ത്തി മുങ്ങാംകുഴിയിട്ടു. 

Wednesday, November 6, 2013

സാമ്പാര്‍...! ചിലപ്പോള്‍ അത് എന്തിനോ വേണ്ടി തിളയ്ക്കും.

       അടുക്കളയില്‍ മിനിഞ്ഞാത്തെ സാമ്പാര്‍   തിളപ്പിക്കുന്നതിനിടയില്‍ പുറം ജനാലയില്‍ കൂടിയാണ് ഞാനത് കണ്ടത്. റോഡില്‍ കുറച്ചകലെയായി ഒരാള്‍ക്കൂട്ടം. കൂറെയേറെ പുരുഷന്മാര്‍ അവിടേക്കോടിയടുക്കുന്നു. എന്താന്നറിയില്ല. പാതി തിളച്ച സാമ്പാര്‍ വാങ്ങി വെച്ച് ബാത്ത്റൂമിലേക്കോടി. വാഷ്‌ബേസിനില്‍ നിന്നും കുറച്ചു വെള്ളമെടുത്ത്‌ മുഖത്തേക്ക് തളിച്ചു. കണ്ണാടിക്കു മുന്നില്‍ വന്നു മുടിയൊന്നിളക്കി, ഇരുവശത്തേക്കും പറത്തിയിട്ടു. കഴുത്തിനു താഴേക്കു അതൊരിഞ്ചു പോലും വളര്‍ന്നിട്ടില്ലാന്നുറപ്പുവരുത്തി. ചുവപ്പധികം ഉപയോഗിക്കാറില്ലേ. പക്ഷെ കരി തീര്‍ന്നതു കാരണം സിന്ദൂരം തന്നെ ഇടേണ്ടി വന്നു. അതുമല്‍പ്പം വലിപ്പത്തില്‍. ഏതാണ്ട് ഒരമ്പതു പൈസ വലിപ്പത്തില്‍. നെറ്റിക്ക് നടുവിലായി. ധരിച്ചിരുന്ന ഷിഫോണ്‍ നൈറ്റ്‌ ഗൌണ്‍ വലിച്ചൂരി കട്ടിലിലേക്കെറിഞ്ഞു. അലമാരിയില്‍ കോട്ടന്‍ കുര്‍ത്തകളുടെ കൂട്ടത്തിലെ പുതിയ അതിഥിയെ വലിച്ചു താഴേക്കിട്ടു. വെള്ളയില്‍  കറുത്ത പൂക്കളുള്ളതു. പ്യുര്‍ കൈത്തറി. കുറച്ചതികം വില കൊടുക്കേണ്ടി വന്നതാ. അളവ് പറഞ്ഞു തയ്പ്പിച്ചത്. കുര്‍ത്തകള്‍ അളവ് പറഞ്ഞു തയ്പ്പിക്കാറാ പതിവ്. പക്ഷെ ധൃതിയില്‍ വലിച്ചെടുത്തപ്പോള്‍ എവിടെയോ ഉടക്കി ഒന്ന് വലിഞ്ഞു കീറി. ശരിക്കും ദേഷ്യം തോന്നെണ്ടാതാ...പക്ഷെ ഇപ്പൊ...ആവേശം വരാന്‍ പോകുന്നതെ ഉള്ളൂ. തലയിലൂടെയത് വലിച്ചിറക്കി. അടിപ്പാവടയുടെ മുകളിലൂടെ തന്നെ ജീന്‍സും വലിച്ച് കേറ്റി. തപ്പിയിട്ട് നീലയെ കിട്ടിയുള്ളൂ. കറുപ്പായിരുന്നു മാച്ച്. ഹാ കുഴപ്പമില്ല..ഇപ്പോഴത്തെ സാഹചര്യം. ഇനി ഭ്രാന്ത്‌ പിടിക്കാന്‍ പോകുന്നത് തുകല്‍ സഞ്ചി കണ്ട് പിടിക്കാനാണ്. ശാരീരികമായും മാനസികമായും തളര്‍ന്നാണ് എന്നും വീട്ടിലേക്കു വന്നു കേറുന്നത്. അപ്പോഴത് എവിടെക്കെങ്കിലും വലിച്ചെറിയും. പക്ഷെ ഇത്തവണ അധികം തിരക്കേണ്ടി വന്നില്ല. വേസ്റ്റ് കുട്ടയ്കരികിലായി കിടപ്പുണ്ട്. അതുമെടുത്ത് തോളിലേക്കിട്ടു പുറത്തേക്കോടി. സഞ്ചിക്കെന്തോ ഭാരം തോന്നിയാണ് തുറന്നു നോക്കിയത്. ഇന്നലെ വാങ്ങിയ നാപ്കിന്‍ എടുത്തു മാറ്റിയിട്ടില്ല. പാതി വെള്ളവുമായി വാട്ടര്‍ ബോട്ടില്‍. പിന്നെ വുമെന്‍, റെയ്സ്, ആന്‍ഡ്‌ ക്ലാസ്സ്‌. ആഞ്ജെല വൈ ഡേവിസിന്റെ പുസ്തകം. അതും സഞ്ചിയില്‍ നിന്നു മാറ്റിവെയ്ക്കാന്‍ മറന്നു. സഞ്ചിയില്ലാതെ പുറത്തേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയാതായത് അയാള്‍ എന്നില്‍ നിന്നകന്നതിനു ശേഷമാണ്. അയാളുടെ ക്രൂരമായ ചിരി ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് വിറയാലാണ്. തളര്‍ച്ചയാണ്. ഹെല്‍ത്ത്‌ ഡ്രിങ്ക്സും പെയിന്‍ കില്ലെര്‍ ബോട്ടിലുകളും യാത്രയില്‍ കരുതാനാണ് ആദ്യമായി ഒരു തുകല്‍ സഞ്ചി വാങ്ങിയത്. അന്ന് ആ കോടതി മുറ്റത്ത്‌ കരഞ്ഞു തളര്‍ന്നു വീണ എന്നെ സമാധാനിപ്പിക്കാന്‍ ചുറ്റും കൂടിയ സ്ത്രീകളുടെയെല്ലാം തോളില്‍ ഇത് പോലൊന്നുണ്ടായിരുന്നു. 
               
        ഓടുകയാണ്..... വെയിലധികം ഇല്ലായിരുന്നെങ്കിലും അന്തരീക്ഷം ചുട്ടുപഴുക്കുകയാണ്. ആള്‍ക്കൂട്ടം ആദ്യം കണ്ടതിനേക്കാള്‍ വിടര്‍ന്നിടുണ്ട്. നന്നായി കൂര്‍ത്ത് വൃത്താകൃതിയില്‍.. അതിനുള്ളില്‍ ആരോ ഉണ്ട്..ചിലപ്പോ വീണു കിടക്കുകയാവും. ജീവനുവേണ്ടി കേണു  കരയുന്നുണ്ടാവും. അലറി വിളിച്ചു കൊണ്ട് ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അകത്തേക്ക്
കയറി. പതിനഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി നിന്ന് കരയുകയാണ്. ചെമ്പന്‍ മുടി മുഖത്തേക്ക് പാറി കിടക്കുന്നു. എണ്ണക്കറുപ്പുള്ള മുഖത്തേക്ക് കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് വെയിലില്ലെങ്കില്‍ക്കൂടി വെട്ടിത്തിളങ്ങുന്നു. പൊടിയും അഴുക്കും നിറഞ്ഞ കവിളിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. കൈ മുട്ടുകള്‍ മുറിഞ്ഞതില്‍ ചോര ഉണങ്ങിയ പാടു. ഉടുപ്പിന്റെ പലഭാഗവും കീറിയിരിക്കുന്നു. അതില്‍ ചിലത് പഴയതാണ്. അവളുടെ കാല്‍ച്ചുവട്ടില്‍ ഒരു പൊതി ചോര്‍ അഴിഞ്ഞു കിടക്കുന്നു. കവറില്‍ നിന്നും പൊട്ടിയൊലിച്ച സാമ്പാര്‍ അവിടമാകെ പരന്നൊലിച്ചിരിക്കുന്നു. മല്ലയിലയുടെയും കായത്തിന്റെയും ഗന്ധം മാറിയിട്ടില്ല. ഒരു സ്ത്രീയായ എന്നെ കണ്ടത് കൊണ്ടാവണം അവള്‍ കരച്ചിലടക്കി എന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയിട്ട് ആ ചോറ് പൊതി വാരി കൂട്ടി നെഞ്ചോടുചേര്‍ത്തു. ഉറപ്പാണ്‌ അവള്‍ ഒരു തെറ്റും  ചെയ്തിട്ടുണ്ടാവില്ല. പിന്നെ ഒരു ചേതക്ക് വീണു കിടപ്പുണ്ട്. ഇളം നീല നിറത്തിലുള്ളത്. എന്റെ പപ്പയ്ക്ക് ഒന്നുണ്ടായിരുന്നു.  അതിന്റെ നിറം ഗോള്‍ഡ്‌ ആയിരുന്നു. വെറുപ്പാണ് എനിക്കിതിനോട്. ബജാജ് ചേതക്കിന് ആജ്ഞയുടെയും  അടിച്ചേല്‍പ്പിക്കലിന്റെയും ചലിക്കുന്ന രൂപമാണെന്റെ മനസ്സില്‍. ഇതിന്റെ പിന്‍ സീറ്റിലിരുന്ന്‍  ഞാന്‍ കുറെ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. ഒരിക്കല്‍ പകുതി വഴി വെച്ച് അവസാനിച്ച ഒരു സ്വപ്നയാത്രക്ക്  അന്ത്യം കുറിച്ചത് ഇതിന്റെ പിന്‍ സീറ്റിലേക്ക് ബലമായി വലിച്ചു കേറ്റിയപ്പോഴാണ്.  അന്നും ഇതിനു പിന്നില്‍ തുണികള്‍ കുത്തിനിറച്ച ട്രാവല്‍ ബാഗ് കെട്ടി പിടിച്ചു ഞാന്‍ കുറെ കരഞ്ഞു.  ഞാന്‍ പിന്നെയും പിന്നെയും കരഞ്ഞു കൊണ്ടിരുന്നു. 
                      
           സ്കൂട്ടറിന്റെ ഉടമ ഒരു കഷണ്ടി കിളവന്‍ കൈമലര്‍ത്തി നില്‍ക്കുന്നു. വിശ്വസനീയമായ രീതിയില്‍ അയാള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഞാന്‍ അതൊന്നും കേട്ടില്ല. എനിക്കയാള്‍ പറയുന്നത് കേള്‍ക്കാന്‍ ക്ഷമയുണ്ടായില്ല. എന്തിനാ കേള്‍ക്കുന്നത്. അയാള്‍ കറുത്ത കണ്ണട ഊരി മാറ്റത്തത് തന്നെ കള്ളം പറയുന്നതിന്റെ ലക്ഷണമാണ്. കണ്ണുകളിലെ കള്ളം ഒളിപ്പിക്കാന്‍  ആര്‍ക്കും കഴിയില്ല. ഞാനിയാളെ എവിടെയോ കണ്ടിട്ടുണ്ട്. ഒരു പക്ഷെ ഏതെങ്കിലും ഹോട്ടലിന്റെ കണ്ണാടി കൂട്ടിനുള്ളില്‍. എനിക്കെന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. കുര്‍ത്ത കീറിയതിന്റെ ദേഷ്യം മനസ്സില്‍ നിന്ന് തികട്ടി വന്നു. അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് മുഖത്തേക്ക് വിരല്‍ ചൂണ്ടി കൊണ്ട്  ഞാന്‍ അലറി.." നിങ്ങള്‍.. നിങ്ങളാണ്..നിങ്ങള്‍ തന്നെയാണ്.. നിങ്ങളുള്‍പ്പെടുന്ന വര്‍ഗം വീണ്ടും വീണ്ടും തെളിയിക്കുന്നു..മാറിനെടാ പട്ടികളെ " അയാള്‍ അപ്പോഴും കൈ മലര്‍ത്തി തന്നെ പിടിച്ചിരുന്നു. വിരലുകള്‍ക്കിടയിലിരുന്ന ഹോട്ടല്‍ ബില്‍ നനഞ്ഞു കുതിര്‍ന്നു താഴേക്കു വീണു.. ഒരു പരാജിതന്റെ നിസ്സഹായത അയാളില്‍ ഞാന്‍ കണ്ടില്ല..കൈ മലര്‍ത്തി തന്നെ പിടിച്ചിരുന്നു.. പക്ഷെ ചുറ്റും കൂടിയ കൂടിയ നായകള്‍ മുറുമുറുത്തു തുടങ്ങി... ഓരിയിടാനും..   

Thursday, October 3, 2013

ഞാന്‍ പ്രണയിക്കാന്‍ കൊതിച്ച പെണ്‍കുട്ടി




കുന്തിരിക്ക പുക നിറഞ്ഞ ഇരുള്‍ മുറികളില്‍ ജനല്‍ 

വിടവുകള്‍ വിതറുന്ന പ്രകാശത്തുണ്ടുകളില്‍ 

കാല്‍തടഞ്ഞു വീണ്, നീരുന്തിയ കട്ടില്‍ക്കാലുകളില്‍ 

ഇരുമ്പ് ചട്ട പുതച്ച് ജീവിതം പെറ്റ് കൂട്ടുന്നു.
 
കറ പിടിച്ച ജീവിതച്ചുമരുകളില്‍ മഴവില്‍
 
പിഴിഞ്ഞെടുത്ത കാര്‍മേഘ ചായം പൂശുന്നു.

ഷിഫോണ്‍ വലകള്‍ പുതച്ച കണ്ണുകളിലെ മന്ദഹാസം
 
മോതിര വിരലുകളിലൂടെ ഞൊടിച്ചുഴിയുന്നു.

എന്റെ ഓര്‍മ്മയുടെ ഭാണ്ഡത്തില്‍ ഇനി അവശേഷിക്കുന്നത്

ഒരു ചതുരക്കീറിനുള്ളില്‍ പിടഞ്ഞ കരിമഷിക്കണ്ണുകള്‍ മാത്രം.

Monday, September 23, 2013

സ്വപ്നനങ്ങളിലൊരുവള്‍


സ്വപ്നനങ്ങളില്‍ നഗ്നയായ
ഒരു പെണ്ണെനിക്കൊപ്പം കിടക്കുന്നു.
ഈറന്‍ മുടി കെട്ടി വെച്ച് കോട്ടന്‍
സാരിയുടുത്തു എനിക്ക് ചായ തിളപ്പിക്കുന്നു.
എന്റെ മകനെ മുലയൂട്ടുന്നു.
അവനെ കുളിപ്പിക്കുന്നു,
വസ്ത്രം ധരിപ്പിക്കുന്നു,
ചോറു കൊടുക്കുന്നു,
പാഠം പഠിപ്പിക്കുന്നു,
പാട്ടു പാടി ഉറക്കുന്നു,
തെറ്റ്‌ ചെയ്ത മകന് വേണ്ടി
ശുപാര്‍ശയുമായി വരുന്നു,
എന്റെ ശകാരത്തില്‍ നിന്നും
കയ്യോങ്ങലില്‍ നിന്നും
അവനെ കവര്‍ന്നു പിന്നിലൊളിപ്പിക്കുന്നു.
അവന്റെ വളര്‍ച്ചയില്‍
എനിക്കൊപ്പം വേവലാതിപ്പെടുന്നു.
എന്റെ മകനൊപ്പം കയറി വന്ന പെണ്ണിനെ
എന്നോട് കണ്ണുകൊണ്ടാപേക്ഷിച്ച്
ആരതിയുഴിഞ്ഞ് അകത്തേക്ക് ക്ഷണിക്കുന്നു.
വാര്‍ദ്ധക്യം നരനട്ടപ്പോള്‍
എനിക്കൊപ്പം പടിയിറങ്ങുന്നു.
അവളുടെ ശോഷിച്ച കൈ
എന്റെ കൈകളില്‍ ചുറ്റിയിരുന്നു.
എന്റെ മകനെ ശകാരിച്ചില്ല ശപിച്ചില്ല.
അവന്റെ അവഗണനയില്‍
എനിക്ക് വേണ്ടി കരഞ്ഞു.
എന്നോടനുവാധം വാങ്ങാതെ
മനസ്സുകൊണ്ടാവനെ അനുഗ്രഹിച്ചു.
ആ പഴയ കോട്ടന്‍ സാരീ പുതച്ചു
ഓര്‍മ്മകളുടെ ഇരുമ്പ് പെട്ടിയും തൂക്കി
എനിക്കൊപ്പം
ഇടവഴിയിലും പെരുവഴിയിലും
എന്റെ കാലന്‍ കുടയില്‍ ഇടം കിട്ടാതെ
മഴ നനഞ്ഞു കുതിര്‍ന്നു
വെയില്‍ കൊണ്ട് വാടി.
ഒരു ഗ്ലാസ്‌ ഉപ്പിട്ട നാരങ്ങ വെള്ളം
ഒരു കവിള്‍ ഇറക്കി മടക്കി തന്നു.
എന്റെ വിയര്‍പ്പ് തുടച്ചും
തല തുവര്‍ത്തിയും
അവളുടെ കോട്ടന്‍ സാരീ തുമ്പ് മുഷിഞ്ഞു.
വൃദ്ധസദനത്തില്‍ പേരിനൊപ്പം
എന്റെ പേര് ചേര്‍ത്തെഴുതി ആശ്വാസത്തിന്റെ
പുഞ്ചിരി തൂകി പേന എനിക്ക് നീട്ടുന്നു.

പൂവന്‍ കോഴിയുടെ കൂകലില്‍ കൊക്കയിലേക്കവളുടെ
കാല്‍ വഴുതുമ്പോള്‍ ഞാനുണരുന്നു.

അതെ.. അതെ.. നീല സാരി ചുറ്റി ബസ്റ്റോപ്പില്‍ നിന്ന
തടിച്ചു കുറുകിയവളുടെ രൂപമാണവള്‍ക്ക്.

അല്ല.. ബസ്സിലെ തിരക്കില്‍ വിയര്‍ത്തു കുളിച്ച്
എന്റെ തോളോട്ടി നിന്ന ഇരുനിറക്കാരി
ഉണ്ടക്കണ്ണിയുടെ രൂപമാണവള്‍ക്ക്.

അല്ല.. കണ്ണാടി കൂട്ടിലെ മുത്തുമാല നോക്കി
കയ്യില്‍ മുറുക്കി പിടിച്ചിരുന്ന നാണയങ്ങള്‍ എണ്ണുന്ന
വാടിയ മുഖമുള്ള ചെമ്പന്‍ മുടിക്കാരിയുടെ
രൂപമാണവള്‍ക്ക്.

അല്ല.. വാതിലില്‍ പണമടച്ചു കയറിയ
ചുവന്ന പ്രകാശമുള്ള മുറിയില്‍
മുറുക്കി ചുവന്ന പല്ലു കാട്ടിയിളിച്ച്
കുപ്പായത്തിലെ കുടുക്കിളക്കുന്നള്ളവളുടെ
രൂപമാണവള്‍ക്ക്.

അല്ല.. കോടതി വരാന്തയില്‍
താലിയഴിച്ച് ബാഗില്‍ തിരുകുന്ന
കറുത്ത കണ്ണടക്കാരിയുടെ രൂപമാണവള്‍ക്ക്.

അല്ല.. തെരുവ് നായ്ക്കളുടെ കടിയേറ്റ്
ചോരയൊലിപ്പിച്ചോടി വരുന്ന
അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയുടെ രൂപമാണവള്‍ക്ക്.

അല്ല.. ഞാന്‍ പ്രണയിച്ചുപേക്ഷിച്ച,
വിരഹ വേദനയില്‍ കണ്ണീര്‍ വാര്‍ത്ത്
വണ്ടൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക്‌
കുതിച്ച രാധയുടെ രൂപമാണവള്‍ക്ക്.









Friday, September 13, 2013

ഭോഗം


ഭോഗം
അജ്ഞത
അറിവ്
മോഹം
നോവ്‌
സുഖം
തേടല്‍
നേടല്‍
കൊടുക്കല്‍
പ്രേരണ
ഒളി
ചതി
ആജ്ഞ
കര്‍മ്മം
ക്രിയ
സൃഷ്ടി
ജനനം
എണ്ണം
സൃഷ്ടി
ജനനം
തൃപ്തി
അതൃപ്തി
പരീക്ഷണം
പരാജയം

ഭോഗം
ഭൂമി
ജനം
നിലനില്‍പ്പ്
പരിപാവനം

ഭോഗം
ലഹരി
ലഹരി
നിമിഷം
ഇടം
ഇര
അകപെടുത്തല്‍
അകപ്പെടല്‍
മരണം
കണ്ണീര്‍
മുറവിളി
വിധി
മരണം
അര്‍ഹത
വീണ്ടും
ഭയം
പാഠം
പ്രാര്‍ത്ഥന

ഭോഗം
സമ്മതം
സംഭോഗം
അനുവദനീയം
സ്വയംഭോഗം
അഭികാമ്യം

Thursday, September 12, 2013

തുറന്നു പറച്ചിലുകള്‍ (വെറോക്ക്യന്‍ പൂവ്‌ - പേജ് No: 24)



" വില പറഞ്ഞു വാങ്ങിയതു ശരീരങ്ങളായിരുന്നു.
നല്ല തുടുത്ത മുഴുത്ത ശരീരങ്ങള്‍.
ഒരു കയ്യില്‍ മദ്യവും മറു കയ്യില്‍ പുകയുന്ന സിഗരുറ്റുമായി
ഞാന്‍ അലറിയിട്ടുണ്ട്. ആജ്ഞാപിച്ചിട്ടുണ്ട്.
ഞാന്‍ വരച്ച വരകളിലും വളയങ്ങളിലും അവറ്റകള്‍ ഇഴഞ്ഞു.
ഞരങ്ങുന്ന പേശികളെയും മുറുമുറുക്കുന്ന എല്ലുകളെയും
ഞാന്‍ കേള്‍വിക്കപ്പുറം കഴുത്തിന്‌ പിടിച്ചു.
നിര്‍ദേശിച്ച ചലനങ്ങള്‍ വിപരീതവും വിരുദ്ധവും ആയിരുന്നു.
ഓരോ ചലനത്തിനും ഓരോ കഷ്ണം നോട്ട്.
ലഹരി, അത് നിമിഷങ്ങളില്‍ കെട്ടടങ്ങുന്നതായിരുന്നു.
ഒരു പിടച്ചിലില്‍ തീരുന്ന സ്ഫോടനം. തീയും പുകയുമില്ലാതെ,
ഇനിയും ഊര്‍ജ്ജശോഷണത്തിനു തുനിയാന്‍ പോന്ന
രാസവാക്യം കുറിച്ച് ഒഴുക്കി കളയുന്ന ഒരു കൂട്ടം ദ്രാവക കണികകള്‍.
അരണ്ട വെളിച്ചത്തില്‍ എന്നില്‍ പുളയുന്ന നിഴലുകള്‍
ഗന്ധം മാത്രം അവശേഷിപ്പിച്ച്, തുണി ചുറ്റി,
ഒഴുക്കിയ വിയര്‍പ്പിന് വിലപേശി, മലര്‍ക്കെ തുറക്കുന്ന
വാതിലിനപ്പുറം ഒരു ചതുരതുണ്ട് പ്രകാശത്തില്‍
ഒരു വരയായി കുറുകി ഇല്ലാതാവും.
എപ്പൊഴോ ഒരിക്കല്‍ സ്നേഹം ചോദിച്ചപ്പോള്‍
അവറ്റകള്‍ കൈ മലര്‍ത്തി. അത് വീട്ടില്‍ പകുത്ത്‌
നല്‍കാനുള്ളതാണെന്ന്. കാത്തിരിക്കുന്നത് പ്രതീക്ഷയുടെ
കണ്ണുകളാണ്. ഞാന്‍ വിതറുന്ന നോട്ടുകള്‍ അതിനു പകരമാവില്ലെന്ന്.
സ്നേഹത്തിന് ഒരു രൂപമില്ല, അത് ഒരു തരംഗമാണെന്ന്. " 

Friday, August 30, 2013

കൃഷി




ദാനം കിട്ടിയ ധനം 
ഒരു വേള എനിക്ക് മുന്നില്‍ 
സ്വര്‍ണ്ണം പൂശിയ 
ചെമ്പു കുടമായി കാണപ്പെട്ടു.
മൂടിയില്‍ പട്ടു ചുറ്റി മറച്ചിരിന്നു. 
തുറക്കാനെന്റെ കൈ അറച്ചു നിന്നു.
പിന്നെയതിന്റെ 
മോടിയില്‍ 
മോഹിതനായി 
മോദമൊളിപ്പിക്കാന്‍ 
മുഷ്ടി 
മലര്‍ത്തി 
മുഖം 
മറച്ചിരുന്നു. 
പിന്നൊരു വേള 
മൂടിയഴിച്ച എന്റെ മുന്നില്‍ 
ഫലപൂയിഷ്ടമായ ഒരു ഭൂപ്രതലം 
ഭ്രമണപഥം തേടി വന്നു വിലപിച്ചു. 
ഞാനതിലേക്കൊരു പുഴ വെട്ടി 
വേലി കെട്ടിയടച്ചു. 
പുഴതേവി വെള്ളവും 
പുതുമയുടെ വളവും നല്‍കി.
നന്ദിയോടെ എന്റെ കാല്‍ ചുവട്ടില്‍ 
കുതിര്‍ന്നൊട്ടി നിന്ന മണ്‍പിളര്‍ച്ചകളില്‍ 
ഞാന്‍ വിതറിയ ബീജം 
മുളച്ചു മുഴച്ച മണ്‍ക്കൂനയില്‍ 
ചുംബിച്ചു വളര്‍ത്തി വിരിയിച്ച കുരുന്നു, 
ഇല വിടര്‍ത്തി പൂവിട്ടു കായ്ച്ചു. 
ഇല കൊഴിഞ്ഞപ്പോഴും 
പൂവ്‌ വാടിയപ്പോഴും 
പ്രളയത്തിലും 
വരള്‍ച്ചയിലും 
ഇളം കായ്‌കള്‍ നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ചു. 
കൊത്തി പറിക്കാന്‍ വന്ന
കാക്കയോടും 
കഴുകനോടും 
കഴമ്പില്ലാത്ത 
കദനകഥകള്‍ 
കളിയായി 
പറഞ്ഞു. 
ഒടുവില്‍ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങി 
എന്നില്‍ തന്നെ വേരിറക്കാന്‍ തുനിഞ്ഞപ്പോള്‍ 
വേദനയില്‍ പുളഞ്ഞ് 
കോപം 
കാപട്യം
കൈവെടിഞ്ഞു. 
ഗതിയില്ലാതൊടുവിലൊരു കുടം മണ്ണില്‍ പൂഴ്ത്തി 
മൂടി മറച്ചു മൂലയ്ക്കെറിഞ്ഞു. 
ദാനംചെയ്തു 
ദീനമകറ്റാന്‍ 
ദിനംതോറും 
ഒരു 
തികഞ്ഞ 
തെണ്ടിയെ 
തേടുന്നു. 

Thursday, August 22, 2013

കീഴ്പ്പെടുത്തല്‍ (വനകലയ്ക്കൊപ്പം - ലോഡ്‌ജ്‌ - പേജ് നമ്പര്‍ 28)

നീ എന്തിനെയാണ് പേടിക്കുന്നത് ?
നീ ആരെയാണ് പേടിക്കുന്നത്?
സുഹൃത്തുക്കള്‍ നമ്മെ അംഗീകരിച്ചു കഴിഞ്ഞു.
ബന്ധുക്കളും കുടുംബാഗങ്ങളും, അവര്‍ നാം പറയുന്നതേ കേള്‍ക്കൂ.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം
ഒരു സമൂഹമുണ്ട് അവര്‍ നമ്മെ അംഗീകരിക്കും.
ഈ നാലു ചുവരുകള്‍ക്കുള്ളില്‍ നാമിപ്പോ സുരക്ഷിതരാണ്.
വാതിലുകള്‍ മുറുകെ പൂട്ടിയിട്ടുണ്ട്. അത് ഞാന്‍ രണ്ടാവര്‍ത്തി ഉറപ്പു
വരുത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചമെയുള്ളൂ. അതും കെടുത്താവുന്നത്.
നിഴലുകള്‍ ഇരുട്ട് പുതച്ചുറങ്ങും. മൂലയില്‍ വല കെട്ടിയ എട്ടുകാലി
പോലും ഇര പിടിക്കുന്ന തിരക്കിലാവും. മറ്റ് പ്രാണികള്‍ ആ വല
തേടിയുള്ള പരക്കം പാച്ചിലിലാവും. അതും വെറും പ്രാണികള്‍.
അതിലെല്ലാമുപരി എന്റെ കൈകള്‍ക്കുള്ളില്‍ നീ പൂര്‍ണ്ണമായും
സുരക്ഷിതയാണ്.സ്വതന്ത്രയാണ്. എന്റെ ചൂടില്‍ നിന്റെ സ്വപ്നങ്ങള്‍
വിരിയുകയാണ്. കൊഴിയുകയല്ല വാടുകയല്ല.
ഇവിടെ നിറയാന്‍ പോകുന്ന വിയര്‍പ്പിന്റെ കണങ്ങള്‍ക്ക് പോലും ഇനി
നീയഴിച്ചു വെച്ച മുല്ലമാലയുടെ മണമാകും.
തട്ടില്‍ കറങ്ങുന്ന പഴഞ്ചന്‍ പങ്കയുടെ അലര്‍ച്ചയില്‍ പേടിച്ചരണ്ട്
നമ്മുടെ ദുഷിച്ച നിശ്വാസങ്ങള്‍ പോലും ഈ ചെറു മുറിയില്‍ പതുങ്ങും.
നീയെന്ന ബിന്ദുവില്‍ നിന്നും ഞാനെന്ന ബിന്ദുവിലേക്ക്
നീ സൂക്ഷിച്ചിക്കുന്ന അകലം ഇന്നില്ലാതാകും.
മഷി വീണു പടരരുത് എന്ന കരുതലോടെ പൊതിയിട്ടു സൂക്ഷിച്ച
നിന്റെ വെള്ളക്കടലാസു പുസ്തകത്തില്‍ ഞാന്‍ കോറിയിടാന്‍ പോകുന്ന
അക്ഷരങ്ങള്‍ വടിവൊത്തതാകും.
തെറ്റ് പറ്റാതെ നീയതു കൂട്ടി വയിക്കുമെന്നു കരുതുന്നു.
ആദ്യ പുറവും മറുപുറവും നീ എനിക്ക് മുന്നില്‍ മറിക്കണം.
എനിക്കുറപ്പുണ്ട് വരും താളുകള്‍ എല്ലാം എനിക്കെന്നു നീ ആണയിടും.
നീയെനിക്ക് വേണ്ടി തെളിക്കുന്ന ഓരോ താളിലും ഞാന്‍ കവിത രചിക്കും.
കണ്ണീര്‍ കവിതകളല്ല. പ്രണയം തുളുമ്പുന്നവ.
ഞാന്‍ നിന്നിലേക്ക് പകരാന്‍ പോകുന്നത് ഒരിക്കലും മത്ത് പിടിക്കാത്ത
മധുര ചഷകമാണ്. എന്റെ വിയര്‍പ്പ് കുമിളകള്‍
പാടെ വടിച്ചു മാറ്റി മൂര്‍ച്ചയേറിയ മഞ്ഞു കഷ്ണങ്ങള്‍ വിതറി നല്‍കും.
നിന്റെ ധമനികളില്‍ ഇനിയെന്റെ പിടച്ചിലുകള്‍ പ്രകമ്പനം സൃഷ്ടിക്കും.
എന്റെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള വ്യഗ്രതയില്‍
എല്ലായ്പ്പോഴും നിന്റെ ചെവിക്കരികില്‍ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരിക്കും.
നിന്റെ തോന്നലുകളില്‍ അങ്ങകലെ കാണുന്നത് ഒരു പ്രളയമായിരുക്കും.
അത് പക്ഷെ ചാഞ്ഞു പെയ്യുന്ന ഒരു ചെറു ചാറ്റല്‍ മഴയാണ്.
ഇനിയൊരാവര്‍ത്തിയും നീയാ മഴ നനയാതിരിക്കാന്‍ തുനിയില്ല.
ഇനി വരേണ്ടത് അസ്തമയമാണ്. പൂര്‍ണ്ണമായും ഇരുള്‍ വീഴും.
മറച്ച തൂവാലയില്‍ നിന്റെ തളര്‍ച്ച പൊതിയാം. വാരി കുത്തുന്ന മുടി
ചുരുളുകള്‍ തട്ടമിട്ട് മറയ്ക്കാം. മാഞ്ഞ ചന്തിനെയോര്‍ത്തു വേവലാതിപ്പെടേണ്ട.
സന്ധ്യയിലതല്ലേലും അഭംഗിയാണ്. ചെമ്മാനത്തിനു കീഴെ നിഷ്പ്രഭമാണ്.
പുറത്തിടനാഴിയില്‍ കുറുനരികള്‍ പല്ലിളിക്കും കണ്ണുരുട്ടും. കണ്ണടയ്ക്കുക വയപൊത്തുക.
കോണിപ്പടിയ്ക്ക് താഴേ ചോദ്യം ചെയ്യപെട്ടേക്കാം. അഭിനയിച്ചേക്കുക.
നടു നിവര്‍ത്തിയ നീളന്‍ നോട്ടുകള്‍ പ്രദര്‍ശ്ശിപ്പിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കും.
കൂടെ തലയാട്ടിയേക്കുക. പുറത്ത്‌ കടന്നാല്‍ കുറച്ചു കൂടി വിശാലമായിരിക്കും.
ശുദ്ധവായു ആവോളം ശ്വസിക്കാം. ധൃതി പിടിച്ച ഒരു കൂട്ടം മനുഷ്യര്‍
തലങ്ങും വിലങ്ങും പായുന്ന ഒരു വീഥിയില്‍ നാം ചേര്‍ന്നലിഞ്ഞില്ലാതാകും.
നിന്നെപ്പോലൊരുവള്‍ അക്കൂട്ടത്തിലുണ്ടാവും.എന്നെപ്പോലൊരുവനും.
ഹൃദയങ്ങള്‍ ഒന്നായി മാറിയതിനാലും ഭൂമി ഉരുണ്ടതിനാലും നമുക്ക് ഇനി
കാണാതിരിക്കാന്‍ കഴിയില്ല. ഇതുവരെ കാത്തു സൂക്ഷിച്ചതൊന്നു നീയെനിക്ക് നല്‍കിയത്
ഞാനെന്നുമോര്‍ക്കും. പകരം ജീവിതം നല്‍കാമെന്ന എന്റെ ഉറപ്പ് നിനക്ക് വിശ്വസിക്കാം.

Saturday, August 17, 2013

അനുഭവവേഴ്ച ( വനകലയ്ക്കൊപ്പം - പേജ് നമ്പര്‍ 35 )

ഞാന്‍: നിന്റെയീ മുലകളിലാരേലും കടിച്ചിട്ടുണ്ടോ?

ഞാന്‍: ങ്ങ്ഹും? ഉണ്ടോ?

ഞാന്‍: എന്തേ മിണ്ടാത്തെ?

ഞാന്‍: പറയ്.

അവള്‍: വേദനയുടെ കണക്ക് പുസ്തകം ഞാനൊരിക്കല്‍ കീറി                      പറത്തി.എന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റായിരുന്നു.                          പിന്നെയൊരിക്കല്‍ എഴുതാനാവാതെ, കരടു പിടിച്ച പേന              തുമ്പില്‍ മഷിയറച്ചു. കടിച്ചമര്‍ത്തിയ കണ്ണീര്‍ക്കണങ്ങള്‍                വരണ്ടുണങ്ങി, കല്ലായി ചങ്കില്‍ തറഞ്ഞു.

ഞാന്‍: നീ കാത്തോ.. ഇന്ന് വേദനയ്ക്ക് മഞ്ഞിന്റെ തണുപ്പാകും.
            നീലാകാശത്ത് പെയ്യുന്ന മഴ നീ കണ്ടിട്ടുണ്ടോ? ഇന്ന് നിന്റെ             കണ്ണുകള്‍ പെയ്തിറങ്ങും.കണ്ണ് കലങ്ങില്ല, ചങ്ക് പിടയില്ല.                 നീ വാര്‍ക്കാന്‍ പോകുന്ന കണ്ണീരിനിന്ന് മധുരമായിരിക്കും.               നിന്റെ കവിള്‍ കുടിച്ചു ഞാനുന്മത്തനാകും. എന്റെ                             വിയര്‍പ്പൊപ്പാന്‍ നീ നല്‍കുന്ന ഈ നിമിഷങ്ങള്‍ക്ക്                         പകരം മുഷിഞ്ഞ നോട്ടുകള്‍ക്കൊപ്പം പ്രണയവും നല്‍കും               ഞാന്‍. കാമം എന്നത് ബഹുമാനം  കൂടിയാണെനിക്ക്.                     ഞാന്‍ നിന്നെ അങ്ങേയറ്റം കാമിക്കുന്നു.

Wednesday, June 5, 2013

വണ്ടാങ്കടവ് ടു കുന്നാഴി അഥവാ ഒരു ജന്മം

കെ.എസ്സ്.ആര്‍.റ്റി.സി. ഫാസ്റ്റ് പാസ്സഞ്ചറെ...
ഉയര്‍ത്താന്‍ പറ്റാത്ത വിന്‍ഡോ ഷട്ടറെ...
തുള്ളിക്കൊരുകുടം പെയ്യുന്ന വേനല്‍മഴയെ...
ആള്‍ത്തിരക്കില്ലത്താ വണ്ടാങ്കടവ് കുന്നാഴി ബസ്സ്‌റൂട്ടെ...
ആളിറക്കാനില്ലാതെ, കൊളുത്തില്‍ തൂങ്ങുന്ന ചെമ്പന്‍ മണിയേ...
കുണ്ടി താങ്ങി തളര്‍ന്നു, നിശബ്ദതയില്‍ വിശ്രമിക്കുന്ന
ചകിരി സീറ്റുകളെ...
ടിക്കറ്റ് കീറി തളര്‍ന്ന, കൈവിരല്‍ ഞൊടിച്ചു
കോട്ടുവായിട്ടുറങ്ങുന്ന കണ്ടക്ടറണ്ണാ...
മഴയില്‍ കരുതേണ്ട കരുതലോടെ നാല്‍പതിന് താഴെ
വണ്ടി  വിടുന്ന ഡ്രൈവര്‍ മാമാ...

നന്ദി.. നിങ്ങള്‍ക്കെന്‍റെ ചങ്ക് നിറഞ്ഞ നന്ദി..

നിങ്ങള്‍ക്കെന്‍റെ ഒരായിരം....... ക്ഷമിക്കണം,
തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് ഉമ്മകള്‍.

ഒരെണ്ണം... ഒരു മുന്തിയ ഒരെണ്ണം ഞാനെടുത്തു.

അത്......

കള്ളനെപ്പോലെ ഇടം വലം ഒളികണ്‍ പായിച്ച് ,
അകത്തെ ഇരുളും നിശബ്ദതയും മൗനവും,
പുറത്തെ മഴക്കച്ചേരിയും ഇടിമിന്നല്‍ മേളവും
സാക്ഷി  നിര്‍ത്തി...

എന്‍റെ ചുമലില്‍ ചാഞ്ഞ് മയങ്ങുന്ന തങ്കക്കുടത്തിനെ*
ഒരു വേളയൊന്നടര്‍ത്തിയെടുത്ത് ,

നല്ല നീളത്തിലും വീതിയിലും ചാര്‍ത്തികൊടുത്തു...
പകര്‍ന്നു  കൊടുത്തു...

പിടഞ്ഞുണര്‍ന്ന കണ്‍പ്പീലികളെ ചുടുനശ്വാസം നല്‍കിയുറക്കി.

മഴയേ നീ പെയ്യുക..
മണിയേ നീ മുഴങ്ങരുത്...

കുന്നാഴിയെന്നത് നിമിഷങ്ങളില്‍ എത്തിപ്പെടുന്ന
ഒരു ബസ്‌ സ്റ്റോപ്പാകരുതേ...

മാമാലകള്‍ക്കപ്പുറത്തുള്ളൊരിടമാവണെ...
ഒരു താഴ്വാരം..

ഏഴാം കടലിനക്കരെയുള്ളൊരിടമാവണെ...
ഒരു  തീരം..

ജന്മാന്തരങ്ങളിലണയുന്നൊരു വഴിയരികാവണെ...


*തങ്കക്കുടം : രേണുക മോഹന്‍ദാസ്‌
                    (എം എ ലിറ്ററേച്ചര്‍ ലാസ്റ്റ്‌ ഇയര്‍
                    ഇരു നിറം
                    നൂറ്റിയറുപത്തിയഞ്ചു  സെന്റിമീറ്റര്‍ പൊക്കം
                    അന്‍പത്തിരണ്ടു കിലോ ഭാരം
                    കണ്ണ്,മൂക്ക്,ചുണ്ട്,മുടി പിന്നെ ഗന്ധം ശബ്ദം എല്ലാം വിഷം
                    മണമുള്ള മധുരമുള്ള മാരക വിഷം..)


Monday, March 18, 2013

കിളി വന്നു ( കിളി പോയിരുന്നു )

കിളി വരുന്നുവെന്ന് ..

അതെ കിളി തിരിച്ചു വരുന്നുവെന്ന് ..

ഒരു കൂട് പണിയണം, സ്വര്‍ണക്കൂട് ..

വായു കടക്കാത്ത, വെളിച്ചം കടക്കാത്ത ദൃഡമായ വാതിലും 


മാന്ത്രിക പൂട്ടുമുള്ള ഒന്ന് ..

കണ്ടാല്‍ ഒരു സ്വര്‍ണ്ണക്കട്ടി പോലെ കരുതണം ..

അകത്തെ നോവും വിരഹവും പുറം ലോകം, സ്വര്‍ണ്ണ ശോഭയില്‍ 


വിസ്മരിക്കണം ..

കണ്ണീരുണക്കാന്‍ ചൂടും, പിടച്ചിലടക്കാന്‍ കോച്ചുന്ന കുളിരും 


നല്‍കുന്ന കൂട് ..

നിന്റെ ചിറകുകള്‍ ഇനിയൊരിക്കലും വായുവിനു 


മുറിവേല്‍പ്പിക്കരുത് ..

തൂവലുകള്‍ തുഷാരം ചൂടി തിളങ്ങരുത് ..

ഇനിയും അതി പുലരിയില്‍ ഒരു പ്രാണനും നിന്റെ കാല്‍ 


നഖങ്ങളില്‍ പിടയുകയും കൂര്‍ച്ചുണ്ടുകളില്‍ 

ജീവന്‍ വെടിയുകയും അരുത് ..

ചെറു നാഴികകളില്‍ മൈല്‍ താണ്ടുന്ന നിന്റെ കണ്‍ വിടര്‍ച്ച 


കൂട്ടിനുള്ളിലെ അസൗകര്യങ്ങളില്‍ തട്ടി 

തടഞ്ഞു മുറിഞ്ഞു കൂമ്പണം ..

ശ്..ശ്..ശ്ശ്.. കിളി വരുന്നു ...

Friday, February 1, 2013

കാമുകന്‍, കാമുകി , ആട് , പശു , ചെന്നായ .


കണ്ണിന്നു കണ്ണായ കരളിന്റെ കരളായ കണ്മണി, കാമുകി..
കാമുകന്‍ , കരള്‍ കൈ കുമ്പിളില്‍ കോരി കുറിക്കുന്നു...


ആടിന് പ്ലാവിലയെന്ന പോലെ, പശുവിന് വയ്ക്കോലെന്ന പോലെ.
പ്രിയേ എനിക്ക് നീയില്ലാതെ ജീവിക്കാന്‍ പറ്റില്ല..


ആടിന് കാടി കൊടുക്കാം, പശുവിന് പിണ്ണാക്ക് കൊടുക്കാം..
എനിക്ക് നിന്നെ വേണം, നീയല്ലാതെ പിന്നാരാ...


നീയെന്റെ കാടിയാണ്, പിണ്ണാക്കാണ്,
പുല്ലാണ്,പോച്ചയാണ്,പ്ലാവിലയും, വയ്ക്കോലുമാണ്. 


ഇഴയുള്ള ചകിരി കയറില്‍ കഴുത്തില്‍ കുരുക്കിട്ട് ഞാന്‍ കൂടെകൂട്ടം..


ഓലപ്പുരയില്‍ , അടുക്കളക്കോലായില്‍ കുറ്റി അടിച്ചു കെട്ടില്ല..


പുലരിയില്‍ മേയാന്‍ വിടാം. സൂര്യന്‍ ചിന്നവീട്ടില്‍
ചിമ്മിനികെടുത്തുമ്പോള്‍ വീട്ടിലെത്തിയേക്കണം..
അല്ലേല്‍ വഴിയില്‍ ചെന്നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ചോരകുടിക്കും.


അവര്‍ക്ക് മുന്നില്‍ മണി കിലുക്കരുത് , വാല് പൊന്തിക്കരുത്.. 
അവര്‍ പറയും നീ മണി കിലുക്കിയെന്നു , വാല് പൊന്തിച്ചെന്നു..


എന്റെ കണ്ണുകള്‍ ചെന്നായുടേതു പോലെയാണ്..
എന്റെ പല്ലുകള്‍ ചെന്നായുടേതു പോലെയാണ്..ഞാനുമൊരു ചെന്നായാണ്...
ആണ്‍ ചെന്നായ...


പോരുന്നോ മുട്ടിയുരുമ്മാന്‍.. കെട്ടി പുണരാന്‍..


എനിക്കറിയാം നിന്റെ കൂട്ടത്തില്‍ കൊമ്പ് കുലുക്കുന്നവരെ..
മണി പൊട്ടിച്ചു , വാല് മുറിച്ചു ആകാശത്തേക്ക് കാല് പൊന്തിക്കുന്നവരെ..


അവര്‍ നിന്നെ എന്നില്‍ നിന്നും വിലക്കിയേക്കാം..


കാരണം അവര്‍ പല്ലില്‍ ചോര പുരണ്ട ചെന്നായ്ക്കളെ മാത്രമേ കണ്ടിട്ടുള്ളൂ..
എല്ലാ ചെന്നായ്ക്കളും പല്ലില്‍ ചോര പുരണ്ടവരെന്നു കരുതുന്നു. വരുത്തി തീര്‍ക്കുന്നു..


പാല് കുടിക്കുന്ന ചെന്നായ്ക്കളും ഉണ്ടെന്നു അവര്‍ കരുതുന്നില്ല.. അകിടില്‍ പൊടിഞ്ഞ...

.......................................ശുഭം....................................

Blog Archive

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....