അവളോടു ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിച്ചില്ല. കീഴ് ജോലിക്കാരിയെന്നതിനപ്പുറം ബഹുമാനം നല്‍കിയിരുന്നു. ഒരു സഹോദരിയോടെന്ന പോലെ മനസ്സ് കൊണ്ട് ലാളിച്ചിരുന്നു. തെറ്റുകള്‍ പോലും കണ്ടില്ലെന്നു നടിച്ചു. കൃത്യമായ ഇടവേളകളില്‍ പുഞ്ചിരിച്ച് കാണിച്ചു. ഉച്ചഭക്ഷണത്തിന് നേരമകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൈകള്‍ കൊണ്ട് ആഗ്യം കാണിച്ചു കൊടുക്കും. രാവിലെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. വൈകുന്നേരങ്ങളില്‍ ശുഭരാത്രി പറഞ്ഞു കൊണ്ട് വിട പറഞ്ഞു. .
ഇവള് ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞതായി ഞാന്‍ അറിഞ്ഞത്..
" ഒരു ശുംഭന്. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല. മുഖത്ത് കൂടി നോക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം. എന്തെങ്കിലും സംശയം ചോദിക്കാന്‍ അങ്ങേരുടെ AC കാബിനിലേക്ക് ഞാന്‍ കേറി ചെന്നാല്‍ അങ്ങേരു അപ്പോള്‍ വിയര്‍ക്കാന്‍ തുടങ്ങും. കൈ ഒക്കെ വിറച്ചു ആകെ ഒരു പരുവമായി..ഇങ്ങനെയുമുണ്ടോ ആണുങ്ങള്.."
ഇവളിപ്പോള്‍ കൂടുതല്‍ സഹകരണ മനോഭാവമുള്ള ആരുടെയോ കീഴില്‍ ജോലി ചെയ്യുന്നു.
പുതുതായി വന്നവളോടു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കാന്‍ ശ്രമിച്ചു. അത് പക്ഷെ ബോസ്സിനും അസിസ്റ്റന്റിനുമിടയിലുള്ള അകല്‍ച്ച ഇല്ലാതിരിക്കാന്‍ വേണ്ടി ആയിരുന്നു.വളരെ ഫ്രെണ്ട്ലിയായി പെരുമാറി. ജോലിഭാരം കുറയ്ക്കാനായി കൃത്യമായ ഇടവേളകളില്‍കാബിനിലേക്ക് വിളിപ്പിച്ചു കുശലന്വേഷണം നടത്തി. അവളുടെ ആതമാവിശ്വാസം കൂട്ടാന്‍വേണ്ടി ഹെയര്‍ സ്റ്റൈലിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും വളരെ പുകഴ്ത്തി പറഞ്ഞു.ഒരിക്കലവളുടെ കീറിയ ബ്ലൗസ് കണ്ടു വിഷമം തോന്നി, പിറ്റേന്നു തന്നെ രണ്ടു ജോടി ചുരിദാര്‍വാങ്ങി കൊടുത്തു. വൈകുന്നേരങ്ങളില്‍ മുടങ്ങാതെ ലിഫ്റ്റ് വാഗ്ദാനംചെയ്ത. ടെന്‍ഷന്‍ഫ്രീ ആക്കാന്‍വേണ്ടി ഫസ്റ്റ് ഷോയ്ക്ക് ക്ഷണിച്ചു.
ഇവളും ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞു. അതും ഞാന്‍ അറിഞ്ഞു
" ഹൊ ഒരു. പഞ്ചാര. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല.എപ്പഴും തൊട്ടുരുമ്മിയെഇരിക്കു. എന്ത് പറഞ്ഞാലും ഉടനെ ഷെയ്ക്ക്ഹാന്റ് തരും. കൈ പിടിച്ചു കുലുക്കും. കൂടെക്കൂടെ കാബിനിലേക്ക്വിളിപ്പിച്ചു കത്തിയടിക്കും. ടിന്റുമോന് കോമഡി പറഞ്ഞു കൊല്ലും. എന്നിട്ടോ അടി മുതല്‍ മുടി വരെ ഉഴിയും. ഇന്നേതു ഷാംപൂവാ തേയ്ച്ചത്. കാലിലെന്താ ക്യൂട്ടെക്സ് ഇടാത്തെ. ഹൊ അവിടെ നിന്ന് വിയര്‍ത്തു പോവും. ഇന്നാളുണ്ട് ബ്ലൗസിന്റെ തയ്യലിളകിയ ഭാഗത്തെ ഊട്ടയിലേക്ക് കണ്ണും മിഴിച്ചു നോക്കുന്നു. ഇങ്ങേര്‍ക്കും ഇല്ലേ അമ്മേം പെങ്ങന്മാരും."
ഇവളിപ്പോള്‍ ഏതോ സന്യാസിമഠത്തില്‍ അഭയം പ്രാപിച്ചെന്നറിയുന്നു.
ഞാനിപ്പോള്‍, ' സ്ത്രീകളോട് എങ്ങനെ പെരുമാറാം ' എന്ന രണ്ടു മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി ഒരു പുതിയ അസിസ്റ്റന്റിനായി കാത്തിരിക്കുന്നു.
ചില കൂട്ടുകാരന്മാര് കളിയാക്കി ചോദിക്കുന്നു.." പെണ്ണുങ്ങളെ വളയ്ക്കാന്‍ പഠിച്ചോടാ..?" കണ്ണുകടി പിന്നല്ലാതെന്തു പറയാന്‍.