Monday, September 5, 2011

രസതന്ത്രം


തീരുമാനിച്ചുറച്ചതാണു്, ഇനി പെൺകുട്ടികളെക്കുറിച്ചെഴുതില്ലാന്നു്. പക്ഷെ ആദ്യമായ് അവളെന്നോട് തന്നെക്കുറിച്ചെഴുതാൻ പറഞ്ഞു. എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. ഒരു തുണ്ട് കടലാസ് അവളോട് കടം വാങ്ങി. ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല, അദ്യ വരിക്കായി. നിർദ്ദേശം കിട്ടിയ പോലെ വിരലുകൾ കടലാസിൽ  മഷിച്ചാലുകൾ കീറി നീങ്ങിത്തുടങ്ങി.
                    'ഞാനൊരു പെൺകുട്ടിയുടെ കണ്ണുകൾ ഇഷ്ടപ്പെടുന്നു. അവളുടെ കവിളിലും, നെറ്റിയിലും, ചുണ്ടുകളിലും ചുംബിക്കുവാൻ വെമ്പുന്നു. അവളുടെ കൈവിരലുകളിൽ എന്റെ കൈവിരലുകൾ   കോർത്ത് പിടിച്ച്, കടൽക്കരയിലൂടെ കടൽക്കാറ്റേറ്റ് നടക്കാൻ കൊതിക്കുന്നു. കോരിച്ചൊരിയുന്ന മഴയിൽ അവളെയും കെട്ടിപ്പുണർന്ന് കൊണ്ട് നനയാൻ ആഗ്രഹിക്കുന്നു.  തണുപ്പുള്ള രാത്രികളിൽ അവളുടെ മടിയിൽ തലവെച്ച് അങ്ങകലെ മാനത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഞാൻ പറയും.. " ഇവയ്ക്ക് നിന്റെ കണ്ണുകളുടെയത്ര പോലും ശോഭയില്ല "  അപ്പോഴവളുടെ കണ്ണുകൾ നാണം കൊണ്ട് വിടരുന്നതും, ചുണ്ടിൽ പുഞ്ചിരി വിടരുന്നതും കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു'. ഇത്രയുമെഴുതി കടലാസ് മൂന്നായി മടക്കി അവളുടെ കയ്യിലിരുന്ന രസതന്ത്ര പുസ്തകത്തിനുള്ളിലേക്കു തിരുകി. തുറന്ന് നോക്കാതെ അവളത് പുസ്തകസഞ്ചിക്കുള്ളിലേക്ക് വച്ചു. തന്റെ ഏകാന്തതയിൽ വായിക്കാമെന്നുറപ്പ് പറഞ്ഞു കൈവീശിയകന്നു. എനിക്കൊരു കാര്യത്തിൽ സംശയമുണ്ടായിരുന്നു, ഒരു പക്ഷെ രസതന്ത്ര പുസ്തകത്തിനുള്ളിൽ എന്റെ അക്ഷരങ്ങൾക്ക് രാസമാറ്റം സംഭവിക്കുമോ?
                എന്നും അവളാണു ആദ്യമെത്താറ്. അവളുടെ മറുപടി അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ വളരെ നേരത്തെ അവിടേക്കു തിരിച്ചു. പക്ഷെ എനിക്കു മുമ്പേ അവളെത്തിയിരുന്നു. എന്നെ കണ്ടപാടെ സഞ്ചിയിൽ നിന്നും ഒരു പുസ്തകമെടുത്ത് നീട്ടി. മറിച്ചു നോക്കാൻ ആവശ്യപ്പെട്ടു. അതിനുള്ളിൽ രണ്ടായി മടക്കിയ ഒരു കടലാസുണ്ടായിരുന്നു ഒറ്റവരിയിൽഎനിക്കുള്ള മറുപടിയെഴുതിയിരുന്നു. മറുപടി വായിച്ചതിൽ നിന്നും ഒരു കാര്യം ഉറപ്പായി ഇന്നലെ എന്റെ അക്ഷരങ്ങൾക്ക് രാസമറ്റം സംഭവിച്ചിരിക്കുന്നു. മറുപടി കടലാസ് രണ്ടായിത്തന്നെ മടക്കി പുസ്തകത്തിനുള്ളിൽ വച്ച് തിരികെ നല്കി. ആ പുസ്തകത്തിന്റെ പുറം ചട്ടയിൽ ഇങ്ങനെ എഴുതുയിരുന്നു, 'ജീവശാസ്ത്രം'. അവളുടെ മറുപടി വായിച്ചതിനു ശേഷം ഞാൻ എന്റെ തീരുമാനം മാറ്റുകയാണുണ്ടായത്. എന്റെ വിരൽത്തുമ്പിലെ മഷിച്ചാൽ വറ്റുന്നത് വരെ ഞാൻ എഴുതും,  പെൺക്കുട്ടികളെക്കുറിച്ച്.

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....