Monday, March 21, 2011

കശപിശ

വളരെ യന്ത്രികമായിരുന്നു ഓരോ ചലനങ്ങളും. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതു പോലെ, എന്റെ ആദ്യ ഇടിയിൽ  തന്നെ അവന്റെ മുന്നിലുള്ള രണ്ടു പല്ലും തെറിച്ചു. മുഖം  പൊത്തിപിടിച്ചവൻ പിന്നിലേക്കു മലച്ചു.  അടുത്തവന്റെ ഊഴം കാത്തു നില്ക്കാതെ അവർക്കിടയിലേക്ക് ഞാൻ എടുത്തു ചാടി. എന്റെ ശരീരം  നിശ്ചലമായപ്പൊഴേക്കും അവന്മാർ ഓടി രക്ഷപ്പെട്ടിരുന്നു. എനിക്കൊന്നു അലറി വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെ ശബ്ദം മൂടോടെ, അതിലൊരുവൻ പിഴുതെടുത്തിരുന്നു. അവന്റെ കയ്യിലിരുന്നു അതു  കരയുന്നുണ്ടാവും....

Sunday, March 20, 2011

മുടിക്കെട്ട്

ഞാൻ അവരെ പിന്തുടരാൻ തീരുമാനിച്ചു. അവർ പോകുന്നത് സന്യാസി മഠത്തിലേക്കായാലും, വേശ്യാലയത്തിലേക്കായാലും, അവരുടെ കാലുകൾ നിശ്ചലമകുന്നതു വരെ ഞാനവരെ പിന്തുടരും. അവരുടെ മുടിക്കെട്ടിൽ നിന്നും പടരുന്ന സുഗന്ധം അത്രയ്ക്കെന്നെ ആകർഷിക്കുന്നു. അവരിൽ ആസക്തനാക്കുന്നു. പിന്തുടരാൻ തുടങ്ങിയിട്ടു അരമണിക്കൂർ കഴിഞ്ഞു. ഇപ്പോഴവർ ഇരുവശവും ഇറച്ചിക്കടകൾ നിറഞ്ഞ ഒരു ഇടവഴിയിലൂടെയാണു നടക്കുന്നതു. അവസാനത്തെ ഇറച്ചിക്കടയും കഴിഞ്ഞാൽ പിന്നെയൊരു ഇടുങ്ങിയ വളവാണു. അവിടെ വച്ച് എനിക്കവരുടെ മുന്നിൽ കയറണം.
" നിങ്ങളുടെ മുടിക്കു സുഗന്ധമേറെയാണു " എന്നവരോട് പറയണം. ഉറപ്പിച്ച ചുവടുകളോടെ ആ വളവിലേക്കു ഞാൻ എടുത്ത് ചാടി. പക്ഷെ കാലുകൾ നിലത്തുറയ്ക്കുന്നതിനു പകരം ഞാനൊരു ഗർത്തത്തിലേക്കു തലകുത്തി വീഴുകയായിരുന്നു. അതിന്നുള്ളിൽ തല മറിയുന്നതിനിടയിൽ ഞാൻ കണ്ടു, അവർ പൊട്ടിച്ചിരിക്കുന്നു. ഗർത്തത്തിനു മുകളിലെ വാതിൽ പിടിച്ചടച്ചതും അവർ തന്നെ..

Friday, March 18, 2011

സിലോൺ ലാമ്പുകൾ

ഇരുൾ വീണ ഇടനാഴികളിൽ ഇപ്പോഴും നിന്റെ തേങ്ങലുകൾ
കേൾക്കുന്നുണ്ടു. ഒരിക്കൽ ഞാനിതിനു മുന്നിൽ കണ്ണുകളടച്ചു,
ചെവി പൊത്തി. അന്നീ ഇടനാഴികളിലങ്ങിങ്ങായി സിലോൺ
ലാമ്പുകൾ പ്രകാശിച്ചിരുന്നു. അതിന്റെ മഞ്ഞ വെളിച്ചത്തിൽ
നിന്റെ മുഖം കരഞ്ഞു തുടുത്തിരുന്നു.  കവിളിലേക്കു ഒലിച്ചിറങ്ങിയ
കരിമഷിച്ചാലുകൾ എനിക്കോർമ്മയുണ്ടു. ഒരു കൈയ്യകലത്തിൽ
ഇന്നു നീയുണ്ടായിരുന്നുവെങ്കിൽ നിന്റെ കണ്ണുനീർച്ചാലുകൾ ഞാൻ
തുടച്ചേനെ. മുഖത്തേക്കു പാറിവീണു കിടക്കുന്ന മുടിയിഴകൾ മാടിയൊതിക്കിയേനെ.
വൈകി പോയിയെന്നു മനസ്സിലാക്കുന്നു. ഇരുൾ വീണ ഇടനാഴികളിൽ
ഇപ്പൊഴും നിന്റെ തേങ്ങലുകൾ കേൾക്കുന്നു. ഇന്നിതിനു മുന്നിൽ
ഞാൻ കണ്ണുകളടയ്ക്കില്ല, കതുപൊത്തില്ല..ഈ കറുപ്പിലും ഞാൻ
കണ്ണുകൾ തുറന്നു പിടിച്ചിട്ടുണ്ടാവും......ഇനിയൊരിക്കലും നീ ചിരിക്കില്ലായെന്നു അറിയാമെങ്കിൽ കൂടി...

Wednesday, March 16, 2011

ഒരിയ്ക്കലവൾ

അവളുടെ കണ്ണുനീർ എന്റെ കഴുത്തിലും താടിയിലുംപ്പറ്റിപ്പടർന്നു.
അവളുടെ ഏങ്ങലടികൾ എന്റെ ഹൃദയത്തിൽ വന്ന് തല്ലിക്കൊണ്ടിരുന്നു. അവളുടെ കുഴഞ്ഞ ശരീരം എന്റെ തോളിൽ തൂങ്ങിക്കിടന്നു. പെട്ടെന്നു ഒരു നിമിഷം എന്നിൽ നിന്നു അടർത്തിയെടുത്ത് അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.
ആ ചുംബനത്തിൽ അവൾ കുഴഞ്ഞു പിന്നിലേക്കു മലച്ചുപോയി.
ഒഴുക്കു നിലച്ചു തളം കെട്ടിനിന്ന ഇരുട്ടിലേക്കവൾ വഴുതിവീണു..
ഇരുട്ടിലും അവളുടെ കണ്ണുനീർ കണങ്ങൾ തിളങ്ങിക്കൊണ്ടിരുന്നു.
മനക്കോട്ടയിൽ നിന്നും താഴേക്കുവീണു് മൃതിയടഞ്ഞ അവളുടെ സ്വപ്നങ്ങൾക്ക് ഇതു വീണ്ടും..... ഒരു പുനർജന്മം.
ഈ പുതിയ ജന്മത്തിൽ മാഞ്ഞുപോയ ചുംബനങ്ങൾക്കുമേൽ പുതിയ ചുംബങ്ങൾ ഏറ്റുവാങ്ങി എന്റെ മാറിൽ തല ചായ്ച്ച്,  പുഞ്ചിരി പൊഴിച്ച്, രാത്രികളിൽ അവൾ തളർന്നുറങ്ങുന്നു....

ചുവന്ന നക്ഷത്രം

പ്രണയ മന്ദിരത്തിനു മുകളിലെ ഗോപുരത്തിൽ കയറിയിരുന്നു
നക്ഷത്രങ്ങളെ എണ്ണുമ്പോൾ അവയിലൊന്നു അവളാണെന്നു തോന്നിയിരുന്നു.
ആ നക്ഷത്രം കരയുന്നോ എന്നു തോന്നിയിരുന്നു. പ്രിയതമയെ നഷ്ടപ്പെട്ട
എന്നിലേക്കു ഒരു തലോടൽ എന്ന പോലെ അവയുടെ കൈകൾ
നീണ്ടു വന്നു തൊടുമായിരുന്നു. ഇന്നതു അവടെയില്ല. ഇന്നു എന്റെ
ജീവിതത്തിലേക്കു സാന്ത്വനവുമായി മറ്റൊരു സുന്ദരി കടന്നു വന്നിരിക്കുന്നു.
ഒരു സുന്ദരിയെന്നതു ഒരു നക്ഷത്രമായിത്തീരുന്നതു വരെ മാത്രമായിരുന്നു
അവൾ മരിച്ചതിനു ശേഷം. പ്രണയം എന്നതു കാമം ആയിത്തീരുകയും
അതു തലയ്ക്കു പിടിക്കുകയും ചെയ്തപ്പോൾ ആവശ്യം അവളുടെ ശരീരം മാത്രമായിരുന്നു.
അതു നേടാനുള്ള തന്ത്രപ്പാടിൽ പ്രണയത്തിന്റെ അർത്ഥം
മറന്നു പോയി . കാമത്തിന്റെ നിയമം തെറ്റി. ബക്കിയായതു ജീവൻ നഷ്ടപ്പെട്ട
ശരീരം മാത്രം. അതിൽ പലയിടത്തും രക്തചാലുകൾ കീറിയിരുന്നു.
ഗോപുരമുകളിൽ പ്രകാശിച്ചിരുന്ന നക്ഷത്രത്തിലും രക്തചാലുകൾ കീറിയിരുന്നു.
ഇന്നിതാ മറ്റെരു നക്ഷത്രം അതിനടുത്തായി. അതിലും രക്തചാലുകൾ
കാണാം. ഈ തുറുങ്കിൽ കമ്പിയഴികൾക്കു പകരം നക്ഷത്രങ്ങളെ എണ്ണുന്നു, കാത്തിരിക്കുന്നു..! ഇനിയുണ്ടാകുമോ എന്റെ കാമുകിമാരുടെ ചൊരയൊലിച്ച
തുടകൾ..?

ചാട്ടവറുകൾ

മഞ്ഞ വെയിൽ പൊടിപ്പിടിച്ച് പതയുന്നു. കണ്ണിനു ചുറ്റും പൊടിപാറുന്ന തരിശ് ഭൂമി. സൂര്യൻ ജ്വലിച്ച്,ബലൂണിലെ കാറ്റ് പോലെ ഭൂമിയാകെ വെയിൽ നിറച്ചിരിക്കുന്നു.
ശരീരമാകെയും മനസ്സും ഉരുകുകായണു. തലയിൽ തീപിടിച്ചത് പോലെ മുടിയിഴകൾ തീജ്വാല പോലെ ഇളകുന്നു . കൈകലുകൾ മെഴുകുതിരി പോലെ ഉരുകിയൊലിക്കുന്നു. പിന്നിട്ട ദൂരം, എന്റെ രോമസുഷിരങ്ങളിൽ നിന്നും പൊടിഞ്ഞ വിയർപ്പുകണങ്ങളെക്കാൾ അധികമാവും.
ജീവിതം അഴുക്ക് പിടിച്ചതായിരുന്നു. അതിവിടെ ദുർഗന്ധത്തോടെ പൊട്ടിയൊലിക്കുന്നു. ചലം വറ്റിയ വ്രണം പോലെ ശരീരം ഉരുകിയൊലിച്ച്  കഴിയുമ്പോൾ സുഗന്ധപൂരിതമായ ഒരു മരുപ്പച്ച  അങ്ങകലെ കണുമെന്നു പ്രതീക്ഷിക്കുന്നു. അവിടെ കാവലാളുകളുടെക്കയ്യിൽ ചാട്ടവറുകൾ നിലത്തിഴയുന്നുണ്ടാവും. അവയെന്നെ പ്രഹരിക്കാനുള്ളതണു. അവയ്ക്കു ഞാനൊരു ഭോഗവസ്തവാണു. അവയെന്നെ ഭോഗിച്ച്ക്കഴിയുമ്പോളെന്നിലേക്കൊരു പെരുമഴ പെയ്യും. കാർമേഘങ്ങൾ പനിനീർ ചാലിച്ച് ചൊരിയുന്ന സുഗന്ധമഴ. അതിനൊടുവിൽ, അലക്കിതേച്ച, വടിവൊത്ത ഒരു ആത്മാവുമായി, ദിനാന്ത്യത്തിലെ ചുവന്ന സൂര്യനു മുന്നിൽ ഞാനവളെക്കാത്തിരിക്കും. മഞ്ഞിൻക്കണങ്ങൾ  പതിപ്പിച്ച നിലവു പുതച്ച് അവളെന്നിലേക്ക് പറന്നിറങ്ങും.....

ഒടുവിലായി..

ഒരു കുഞ്ഞുമഴയിൽ,ഒരു കുഞ്ഞുകുടക്കീഴിൽ കൈകൾ കൂട്ടിപ്പിടിച്ച്,
തോളുരുമ്മി നടന്ന വൈകുന്നേരങ്ങൾക്കൊടുവിൽ കൈ വീശി യാത്ര പറഞ്ഞു നീങ്ങുന്ന അവളെ  മാത്രമെ എനിക്കോർമ്മയുള്ളു. 
ചില പ്രഭാതങ്ങളിൽ ഒരു ചെറു പുൻചിരിയോടെ
ഇളം വെയിൽ പുതച്ച് വരുന്ന, അവളെ  മാത്രമെ എനിക്കോർമ്മയുള്ളു. ചിതൽ തിന്ന പുസ്തകത്താളുകളിൽ അവൾ എഴുതിവെച്ച പ്രണയക്ഷരങ്ങൾ ഞാൻ കണ്ടില്ല.
അവളുടെ കണ്ണുകളിലൊളിപ്പിച്ച് വച്ച തിളക്കം ഞാൻ കണ്ടില്ല. അവളുടെ ചുണ്ടുകൾ വിറയാർന്നത് അവളുടെ പ്രണയം ഞാൻ  തിരിച്ചറിയുന്നില്ലയെന്നറിഞ്ഞിട്ടാണെന്ന് ഞാൻ അറിഞ്ഞില്ല. അവളെന്നോട് പറയാതിരുന്ന പ്രണയം ഞാൻ അറിഞ്ഞില്ല....

Monday, March 14, 2011

കല്ലുകടി

നിന്റെ ചുടുനിശ്വാസം എന്റെ മുഖത്ത് പതിച്ചപ്പോൾ ഞാൻ കോരിത്തരിക്കുകയാണു ചെയ്തത്. പിന്നെയൊരിക്കൽ കൂടി അതാവർത്തിച്ചപ്പോൾ എനിയ്ക്കെന്റെ ബോധം നഷടപ്പെടുന്നതായി തോന്നി. അതിവേഗത്തിൽ നീങ്ങുന്ന തീവണ്ടിയിൽ,വാതിലിൽ, തിരക്കിൽ നിന്നൊഴിഞ്ഞ് എന്റെ മുന്നിൽ കൈ കെട്ടിനില്ക്കുന്ന നീ എന്തിനാണു എന്നെ അവഗണിക്കുന്നത്. എന്റെ കണ്ണുകളിലേക്കു നോക്കു. അവിടെ തീക്ഷ്ണമായതെന്തെങ്കിലും ഉണ്ടാവും. കാറ്റിൽ പറന്നിളകുന്ന നിന്റെ മുടിയിഴകൾ എന്റെ മുഖത്ത് അസ്വസ്ഥതയുണ്ടാക്കി എത്ര തവണയാണു വന്നുരുമ്മിയത്. അത് പോലും ശ്രദ്ദിക്കാതെ എന്തിനാണു നീ പുറത്തേക്ക് മാത്രം നോക്കിനില്ക്കുന്ന്ത്. നിന്റെ മുടിയിഴകളോട് ചോദിക്കു, അവയ്ക്കു പറയാൻ ഏറെയുണ്ടാവും എന്നെക്കുറിച്ചു. അവയെന്നെ തഴുകി പൊയ്ക്കൊണ്ടിരിക്കുന്നു. നീ എന്താണതൊന്നു മാടിയൊതുക്കാൻ പോലും തുനിയാത്താത്. മുടിതുമ്പിലാണോ നിന്റെ ഹൃദയം? അതോ അധരങ്ങളോ? ഏതായാലും അവയ്ക്ക് സുഗന്ധമേറെയണ്. ഹേയ്.. എന്തുകൊണ്ടാണിപ്പോൾ നിന്റെ മാറിടം ഇത്ര വേഗത്തിൽ ചലിക്കുന്നത്? ഹൃദയമിടിപ്പ് വർദ്ദിക്കുന്നുണ്ടോ? അതെ ഞാനിപ്പോൾ കാണുന്നു നിന്റെ ചുണ്ടുകൾ വിറകൊള്ളുന്നത്. പറയൂ എന്തെങ്കിലും പറയൂ.. " ഹേയ് മിസ്റ്റർ നിങ്ങൾ എത്ര നേരമായി എന്റെ കാലിൽ ചവുട്ടി നില്ക്കുന്നു..പ്ലീസ് ദയവ് ചെയ്ത് ആ കാലൊന്നു മാറ്റൂ. എനിക്കു നന്നായി വേദനിക്കുന്നു.." (കല്ലുകടി)

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....